മുൻപ് കാട്ടാനകൾ വല്ലപ്പോഴും മാത്രം; മുണ്ടക്കൈയും പുഞ്ചിരിമട്ടവും വന്യമൃഗങ്ങൾ കയ്യടക്കിയതിനു പിന്നിൽ?

Mail This Article
മേപ്പാടി∙ ആറുമാസം മുൻപുവരെ ജനനിബിഡമായിരുന്ന മുണ്ടക്കൈയും പുഞ്ചിരിമട്ടവും ഇന്നു വന്യമൃഗങ്ങളുടെ സ്വൈരവിഹാരകേന്ദ്രമായിരിക്കുന്നു. തൊട്ടടുത്ത ചൂരൽമലയിലും അട്ടമലയിലും കാട്ടാനകൾ പകലും എത്താൻ തുടങ്ങി. കുട്ടികൾ ഓടിക്കളിച്ചിരുന്ന മുണ്ടക്കൈ സ്കൂൾ മുറ്റത്തു പകൽ പലപ്പോഴും ആവി പറക്കുന്ന ആനപ്പിണ്ടം കാണാം. ഉരുൾപൊട്ടലുണ്ടായ ശേഷം പുഞ്ചിരിമട്ടം, മുണ്ടക്കൈ എന്നിവിടങ്ങളിലെ ആളുകളെ പൂർണമായി മാറ്റിപ്പാർപ്പിച്ചിരുന്നു. ചൂരൽമലയിൽ ഉരുൾപൊട്ടൽ ബാധിക്കാത്ത കുറച്ചു സ്ഥലത്തു മാത്രമാണു ജനവാസമുള്ളത്. അട്ടമലയിൽ ഉരുൾപൊട്ടൽ ബാധിച്ചില്ല. എന്നാൽ ചൂരൽമലയിലെ ബെയ്‌ലി പാലം കടന്നുവേണം അട്ടമലയിലേക്കു പോകാൻ.
ഉരുൾപൊട്ടലിനെത്തുടർന്ന് അട്ടമലയിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചതാണ്. എന്നാൽ ഏതാനും ആദിവാസികൾ അവിടെ താമസം തുടരുകയായിരുന്നു. എസ്റ്റേറ്റിലും മറ്റു ജോലി ചെയ്താണ് ഇവർ ജീവിക്കുന്നത്. അവരിലൊരാളായ ബാലനെയാണ് കഴിഞ്ഞ രാത്രി കാട്ടാന ചവിട്ടക്കൊലപ്പെടുത്തിയത്.
ഉരുൾപൊട്ടലിനുശേഷം ആളുകൾ ഒഴിഞ്ഞുപോയെങ്കിലും പലരുടെയും കൃഷിഭൂമിക്കു നാശമുണ്ടായിരുന്നില്ല. ഏലവും കാപ്പിയും കുരുമുളകും പതിവുപോലെ വിളയുന്നുണ്ട്. എന്നാൽ പകൽ പോലും വന്യമൃഗങ്ങൾ എത്തുന്നതിനാൽ വിളവെടുക്കാൻ തോട്ടങ്ങളിലേക്കു പോകാനാകുന്നില്ല. ഉരുൾപൊട്ടലിനു ശേഷം ഇവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതാണു പ്രധാന പ്രശ്നം. തെരുവു വിളക്കുകളെങ്കിലും പുനഃസ്ഥാപിക്കണമെന്നു നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെ, വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.
രാവിലെയും വൈകിട്ടും കാട്ടാനക്കൂട്ടമിറങ്ങുന്നതിനാൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിലും പണിയെടുക്കാൻ തൊഴിലാളികൾക്കു മടിയാണ്. ഉരുൾപൊട്ടലിനു മുമ്പുണ്ടായിരുന്നതിനേക്കാൾ പകുതി സ്ഥലത്തു മാത്രമേ ഇപ്പോൾ തേയില നുള്ളുന്നുള്ളൂ. തൊഴിലാളികളിൽ പലരും മറ്റ് എസ്റ്റേറ്റുകളിലേക്കു മാറി.
മാറ്റിപ്പാർപ്പിച്ചാലും സ്ഥലത്തിന്റെ അവകാശം ഉടമകൾക്കുതന്നെയായിരിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. കൃഷിയുൾപ്പെടെ ചെയ്യാമെന്നും അറിയിച്ചിരുന്നു. എന്നാൽ ആറുമാസം കഴിഞ്ഞപ്പോഴേക്കും ഇവിടേക്കു മനുഷ്യർക്കു ചെല്ലാൻ പറ്റാത്ത സ്ഥിതിയായി. ഉരുൾപൊട്ടലിനു മുൻപ് ഈ സ്ഥലങ്ങളിൽ വല്ലപ്പോഴും മാത്രമാണു കാട്ടാനകൾ എത്തിയിരുന്നതെങ്കിൽ ഇവിടമെല്ലാം ഇപ്പോൾ വന്യമൃഗങ്ങൾ കയ്യടക്കിക്കഴിഞ്ഞു.
അതേസമയം, കാട്ടിൽ താപനില കൂടുന്നതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്നാണ് വനംവകുപ്പു പറയുന്നത്. കാട്ടുതീ മൂലവും കുടിവെള്ളം തേടിയുമാണ് ആനകൾ കാടിറങ്ങുന്നത്. അയൽസംസ്ഥാനങ്ങളിലെ കാടുകളിൽനിന്ന് ആനകളും കടുവകളും അടക്കം കേരളത്തിലെ വനങ്ങളിലേക്കെത്തുന്നതോടെ ഇവിടെ അവയുടെ എണ്ണം കൂടുന്നു. കടുവകളുടെ എണ്ണം കൂടുമ്പോൾ, ആവാസപരിധിക്കായി അവ തമ്മിൽ പോരാട്ടമുണ്ടാകും. അതിൽ പരാജയപ്പെടുന്ന കടുവകളും നാട്ടിലേക്കിറങ്ങുമെന്നും വനംവകുപ്പ് പറയുന്നു. വന്യമൃഗങ്ങൾക്കു വെള്ളം കുടിക്കാൻ കാട്ടിൽ കുളങ്ങളും മറ്റും തയാറാക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.