മട്ടാഞ്ചേരിയിൽ യുവാവിന്റെ പരാക്രമം; 5 വാഹനങ്ങൾ അടിച്ചുതകർത്തു - വിഡിയോ

Mail This Article
കൊച്ചി ∙ മട്ടാഞ്ചേരിയിൽ പുലർച്ചെ വാഹനങ്ങൾ തകർത്ത് യുവാവ്. 4 കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് സിമന്റുകട്ടയും ഇഷ്ടികയും ഉപയോഗിച്ച് എറിഞ്ഞു പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

നാലു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നു സ്ഥലം കൗൺസിലർ ബാസ്റ്റിൻ ബാബു പറഞ്ഞു. മട്ടാഞ്ചേരി–കരുവേലിപ്പടി ആര്‍.കെ.പിള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. ഇവിടെ 3 കാറുകളും ഒരു ഓട്ടോറിക്ഷയും തകർത്തു. പിന്നീട് സമീപത്തുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈകോയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും സമാനമായ വിധത്തിൽ ഇഷ്ടിക ഉപയോഗിച്ചു തകർത്തു.

മോഷണശ്രമമോ ലഹരിക്ക് അടിമയായതോ ആവാം ആക്രമണത്തിനു കാരണമെന്നാണു സംശയം. പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ ശല്യവും കൂടുന്നുവെന്ന് നാട്ടുകാർ അടുത്തിടെ പരാതി നൽകുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി ആരെങ്കിലും നടത്തിയ ആക്രമണമാണോ എന്നും പരിശോധിക്കുന്നുണ്ട്.