‘എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’: ഷിൻഡെയെ ആദരിച്ച് ശരദ് പവാർ, അഭിമാന ക്ഷതമെന്ന് സഞ്ജയ് റാവുത്ത്

Mail This Article
മുംബൈ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ എൻസിപി നേതാവ് ശരദ് പവാർ ഡൽഹിയിൽ ആദരിച്ചതിനെതിരെ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശിവസേനയെ പിളർത്തിയ ഷിൻഡെയെ ആദരിക്കുന്നത്, ഷായെ പോലെ ഒരു ബിജെപി നേതാവിനെ ആദരിക്കുന്നതിനു തുല്യമാണെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഡൽഹിയിൽ നടന്നതു സാഹിത്യ പരിപാടിയാണെന്നും രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും എൻസിപി പ്രതികരിച്ചു.
‘‘പവാർ പങ്കെടുക്കരുതായിരുന്നു. ശത്രുവായി കരുതുന്ന ഒരാളെ ആദരിക്കുന്നത് സംസ്ഥാനത്തിന്റെ അഭിമാനത്തിനേറ്റ ക്ഷതമാണ്. ബാലാ സാഹെബ് താക്കറെയുടെ ശിവസേനയെ പിളർത്തിയ ഒരാളെ ആദരിക്കുന്നത് മറാഠി ജനതയ്ക്കു സഹിക്കാനാകില്ല. അങ്ങയുടെ ഡൽഹി രാഷ്ട്രീയം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’’– സഞ്ജയ് റാവുത്ത് പറഞ്ഞു. ഉദ്ധവ് താക്കറെയെക്കാൾ മികച്ച മുഖ്യമന്ത്രിയായിരുന്നു ഏക്നാഥ് ഷിൻഡെയെന്നും അതു ശരദ് പവാർ അംഗീകരിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.
ഡൽഹിയിൽ 98–ാം അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി മഹാദ്ജി ഷിൻഡെ രാഷ്ട്ര ഗൗരവ് പുരസ്കാരം ശരദ് പവാറാണ് ഷിൻഡെയ്ക്ക് സമ്മാനിച്ചത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം. സാഹിത്യ സമ്മേളനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നവരിൽ ഒരാളാണ് ശരദ് പവാർ.
മഹായുതിയിൽ ഭിന്നത മുറുകുന്നു
ഉപമുഖ്യമന്ത്രി അജിത് പവാർ റായ്ഗഡിൽ വിളിച്ച ജില്ലാ ആസൂത്രണ യോഗത്തിൽ ഷിൻഡെ സേനയിലെ എംഎൽഎമാരും മന്ത്രി ഭാരത് ഗോഗാവാലയും വിട്ടുനിന്നു. ഗാർഡിയൻ മന്ത്രിമാരെ നിയമിക്കുന്നതിനെച്ചൊല്ലി മഹായുതിയിൽ ഭിന്നത രൂക്ഷമായിരിക്കെയാണു പുതിയ സംഭവം. എൻസിപിയിൽ നിന്നുള്ള മന്ത്രി അതിഥി തത്കരെ യോഗത്തിൽ പങ്കെടുത്തു. തന്നെ യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നു ഷിൻഡെ വിഭാഗം എംഎൽഎ മഹേന്ദ്ര തോർവെ പറഞ്ഞു. തങ്ങൾ സഖ്യധർമം പാലിക്കുന്നുണ്ടെന്നും ഇനിയും അവഗണിച്ചാൽ അംഗീകരിക്കാനാവില്ലെന്നും എംഎൽഎമാർ പ്രതികരിച്ചതോടെ മഹായുതിയിലെ ഭിന്നത കൂടുതൽ വ്യക്തമായി.
ക്ഷണിക്കാതെ അപമാനിച്ചെന്നു റായ്ഗഡ് ജില്ലയിലെ സേന എംഎൽഎമാർ ഷിൻഡെയെ പരാതി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ബിജെപി തുടർച്ചയായി ഷിൻഡെ പക്ഷത്തെ അപമാനിക്കുകയാണെന്നും ആരോപണമുണ്ട്. റായ്ഗഡിലും നാസിക്കിലും ഗാർഡിയൻ മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ടു ഷിൻഡെ പക്ഷം സമ്മർദം ചെലുത്തുകയാണ്. സർക്കാർ രൂപീകരിച്ചു മൂന്ന് മാസം പിന്നിട്ടിട്ടും 2 ജില്ലകളിലെ ഗാർഡിയൻ മന്ത്രിമാരെ നിശ്ചയിച്ചിട്ടില്ല. റായ്ഗഡിൽ എൻസിപിയും ശിവസേനയും തമ്മിലാണു തർക്കം. നാസിക്കിൽ 3 പാർട്ടികളും തങ്ങളുടെ മന്ത്രിമാരിൽനിന്നു ഗാർഡിയൻ മന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.