നഷ്ടത്തട്ട് താഴ്ന്നുതന്നെ: 59 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 5245.78 കോടി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും വരുത്തുന്നത് കോടികളുടെ ധനനഷ്ടം. 2023-24 സാമ്പത്തിക വര്‍ഷം 59 പൊതുമേഖലാ സ്ഥാപനങ്ങള്‍ 5245.78 കോടിയുടെ ധനനഷ്ടം ഉണ്ടാക്കി. 2022-23ല്‍ 58 സ്ഥാപനങ്ങള്‍ വരുത്തിയ നഷ്ടം 4449.58 കോടി ആയിരുന്നു. ഏതാണ്ട് 800 കോടിയോളം രൂപയുടെ നഷ്ടമാണ് 2023-24ൽ അധികമായി ഉണ്ടായത്.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയര്‍മാനായ കേരളാ സ്‌റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് ആണ് പട്ടികയില്‍ ഒന്നാമത്. 3321.07 കോടിയാണ് കമ്പനിയുടെ നഷ്ടം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി സര്‍ക്കാര്‍ 6100 കോടി രൂപയാണ് ഈ കാലയളവില്‍ കമ്പനിക്കു ഗ്രാന്റായി നല്‍കിയത്. എന്നാല്‍ ആകെ ചെലവ് 9421.06 കോടി ആയിരുന്നു. കെഎസ്ആര്‍ടിസിയാണ് രണ്ടാമത് - നഷ്ടം 1302.82 കോടി. ആകെ വരുമാനം 3185.54 കോടിയും ചെലവ് 4488.36 കോടി രൂപയും ആയിരുന്നു. 74.03 കോടിയുടെ നഷ്ടവുമായി സപ്ലൈകോ മൂന്നാമതുണ്ട്.
കാഷ്യൂ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ - 71.29 കോടി, ട്രാവന്‍കൂര്‍ ടൈറ്റാനിയം - 57.39 കോടി, ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ - 52.68 കോടി, ട്രാക്കോ കേബിള്‍ - 30.94 കോടി, ഓട്ടോകാസ്റ്റ് - 23 കോടി, കേരളാ സിറാമിക്‌സ് - 22.58 കോടി, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി - 21.97 എന്നിങ്ങനെയാണ് നഷ്ടം വരുത്തിയ മറ്റു പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍.
53 സ്ഥാപനങ്ങള്‍ 2023-24 സാമ്പത്തിക വര്‍ഷം 1912.97 കോടി രൂപയുടെ ലാഭമുണ്ടാക്കി. 2022-23ല്‍ ഇത് 970.55 കോടി ആയിരുന്നു. 2023-24 വര്‍ഷത്തില്‍ 30 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ സബ്‌സിഡി, ഗ്രാന്റ് ഇനത്തില്‍ നല്‍കിയത് 2178.89 കോടിയാണ്. 7 സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് 1496.02 കോടി രൂപ ലഭിച്ചു. നികുതി, ഡ്യൂട്ടി ഇനത്തില്‍ ഈ കാലയളവില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും 17289.13 കോടിയുടെ വരുമാനമാണ് സംസ്ഥാനത്തിനു ലഭിച്ചത്. 2022-23നേക്കാള്‍ 2.60 ശതമാനത്തിന്റെ വര്‍ധന.
2022-23ല്‍ നഷ്ടത്തിലായിരുന്ന കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, കെഎസ്ഇബി, കൊച്ചിന്‍ സ്മാര്‍ട് മിഷന്‍, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളഡി ഫോര്‍ എഡ്യൂക്കേഷന്‍, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റമെന്റ് ആന്‍ഡ് ഹോള്‍ഡിങ്, ഫോം മാറ്റിങ് ഇന്ത്യ, സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ 2023-24ല്‍ ലാഭത്തിലായിരുന്നു. കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഈ കാലയളവില്‍ 538.12 കോടി ലാഭമുണ്ടാക്കി. കേരളാ സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് - 404.10 കോടി, ബെവ്‌കോ - 236.29 കോടി, കെഎസ്ഇബി - 218.51 കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് - 99.79, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ - 74.04 എന്നിങ്ങനെയാണ് ലാഭമുണ്ടാക്കിയത്.