വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്ന് ശശീന്ദ്രൻ; പൊട്ടിച്ചതു മാലപ്പടക്കമെന്നു ക്ഷേത്രക്കമ്മിറ്റി

Mail This Article
കൊയിലാണ്ടി ∙ മണക്കുളങ്ങര ക്ഷേത്രത്തിൽ ആന വിരണ്ടതു വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണെന്നാണു പ്രാഥമിക നിഗമനമെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അപകടമുണ്ടായ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടിന്റെ ശബ്ദം കേട്ടതോടെ ആനകൾ വിരണ്ടു. തുടർന്ന് ആളുകൾ ഓടുകയാണുണ്ടായത്. 32 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കാര്യക്ഷമമായ അന്വേഷണത്തിലൂടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ചയുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ നിബന്ധനകളും പാലിച്ചാണ് ഉത്സവം നടത്തിയതെന്നു ക്ഷേത്ര കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ പറഞ്ഞു. മാലപ്പടക്കമാണ് പൊട്ടിച്ചത്. കതിന പോലെ വലിയ ശബ്ദമുള്ളവ പൊട്ടിച്ചിട്ടില്ല. 100 മീറ്റർ അകലെ വച്ചാണ് പൊട്ടിച്ചത്. ആളുകളെ കൃത്യമായ അകലം പാലിച്ചാണ് നിർത്തിയതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ പടക്കം പൊട്ടിച്ചതുൾപ്പെടെയുള്ള കാര്യത്തിൽ വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തൽ.
ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മുക്കുട്ടി അമ്മ, ലീല, രാജൻ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കൊയിലാണ്ടിയിലേക്ക് കൊണ്ടുപോയി. ദുഃഖസൂചകമായി കൊയിലാണ്ടിയിലെ 9 വാർഡുകളിൽ ഇന്ന് ഹർത്താലാണ്.