കെഎസ്ആർടിസി ബസിനു പിന്നിൽ കൊമ്പുകൊണ്ടു കുത്തി പടയപ്പ; ലോറി തടഞ്ഞ് തണ്ണിമത്തൻ കഴിച്ചു

Mail This Article
മൂന്നാർ∙ മറയൂർ – മൂന്നാർ റോഡിൽ കെഎസ്ആർടിസി ബസിനു പിന്നിൽ കൊമ്പുകൊണ്ടു കുത്തി പടയപ്പ. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇന്നലെ രാത്രി ലോറി തടഞ്ഞുനിർത്തി തണ്ണിമത്തൻ വാരിക്കഴിക്കുകയും ചെയ്തു. ഒരു മാസത്തോളമായി മദപ്പാടിലാണ് പടയപ്പ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറയൂർ–മൂന്നാർ റോഡിൽ രണ്ടു വാഹനത്തിനു നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു.
അതിനിടെ, ഇടുക്കിയിലെ സ്കൂൾ വാർഷികത്തിന്റെ കലാപരിപാടികൾക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂർ സ്വദേശിനിയെ മൂന്നാർ–മറയൂർ റോഡിലെ വാഗുവരെയിൽ കാട്ടുകൊമ്പൻ പടയപ്പ ആക്രമിച്ചിരുന്നു. ആമ്പല്ലൂർ വെളിയത്ത് ദിൽജ ബിജു (39) തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 10നു ടെംപോ ട്രാവലർ ഭാഗികമായി തകർത്തു. രണ്ടാഴ്ച മുൻപ് മൂന്നാറിൽ നിന്ന് മറയൂരിലേക്കു വരുന്നതിനിടെ മറയൂർ സ്വദേശികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്തു. തുടർന്ന് കാർ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായി.
ഇപ്പോൾ മദപ്പാടിൽ എന്ന് പറയപ്പെടുന്ന പടയപ്പ അക്രമാസക്തനായി തന്നെ കാണപ്പെടുന്നതായും തോട്ടം തൊഴിലാളികൾ പറയുന്നു. മറയൂർ മൂന്നാർ റോഡിൽ രാത്രികാലങ്ങളിൽ ഇറങ്ങുന്ന പടയപ്പ കന്നിമല, നയമക്കാട്, തലയാർ, പാമ്പൻമല, കാപ്പിസ്റ്റോർ മേഖലയിൽ കണ്ടുവരുന്നു.