ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളുടെ പുനര്‍നിര്‍മാണത്തിനു സഹായത്തിനു പകരം പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 16 പദ്ധതികള്‍ക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പയാണു കേന്ദ്രം അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.

2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31ന് മുന്‍പായി പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്‌സ്‌മെന്റിന് സമര്‍പ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കില്‍ കേന്ദ്രം നല്‍കിയ വായ്പ പുനര്‍നിര്‍മാണത്തിന് എത്രത്തോളം സഹായകരമാകുമെന്നതില്‍ വ്യക്തതയില്ല.

പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.

അനുവദിച്ച പദ്ധതികളില്‍നിന്നു മാറി ഏതെങ്കിലും തരത്തില്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നു. ആവര്‍ത്തനപദ്ധതികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വയനാട് പുനര്‍നിര്‍മാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാന സര്‍ക്കര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് കാപെക്‌സ് വായ്പയായി പണം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം.

പദ്ധതികളും അനുവദിച്ച തുകയും

∙ നെടുമ്പാല, എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റുകളിലെ ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിനു പൊതുകെട്ടിടങ്ങളുടെ നിര്‍മാണം - 111.32 കോടി
∙ ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണം - 87.24 കോടി
∙ പുന്നപ്പുഴ നദിയിൽ 8 കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കല്‍ - 65 കോടി
∙ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ - 21 കോടി
∙ മുട്ടില്‍ മേപ്പാടി റോഡ് നവീകരണം - 60 കോടി
∙ ചൂരല്‍മല പാലം നിര്‍മാണം - 38 കോടി
∙ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം - 12 കോടി
∙ രോഗബാധിതര്‍ക്കുള്ള കെട്ടിട നിര്‍മാണം - 15 കോടി
∙ എല്‍സ്‌റ്റോണ്‍ ടൗണ്‍ഷിപ്പില്‍ 110 കെവി സബ് സ്‌റ്റേഷന്‍ - 13.50 കോടി
∙ കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ് - 22.50 കോടി
∙ അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ 6 ഹെലിപ്പാഡുകളുടെ നിര്‍മാണം - 9 കോടി
∙ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ ഡിഡിഎംഎ കോംപ്ലക്‌സ് ഉള്‍പ്പെടെ ഡി ബ്ലോക്ക് നിര്‍മാണം - 30 കോടി
∙ ജില്ലയിൽ വിവിധോദ്ദേശ്യ ഷെല്‍റ്ററുകളുടെ നിര്‍മാണം - 28 കോടി
∙ ചൂരല്‍മല-അട്ടമല റോഡ് - 9 കോടി
∙ പുഞ്ചിരിമട്ടം - വനറാണി പാലവും അപ്രോച്ച് റോഡും - 7 കോടി
∙ ജിഎല്‍പിഎസ് എട്ടാം നമ്പര്‍ പാലവും അപ്രോച്ച് റോഡും - 7 കോടി

English Summary:

Wayanad Landslide: Central government sanctioned interest-free loan of Rs.529.50 crore to aid the reconstruction of the Mundakkai and Chooralmala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com