‘സുരേഷ്കുമാറിന് അത് ഒഴിവാക്കാമായിരുന്നു, സമരം ഉണ്ടായാൽ ആന്റണി മുന്നിലുണ്ടാവും’: ലിസ്റ്റിൻ സ്റ്റീഫൻ

Mail This Article
കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഒരു പ്രശ്നവുമില്ലെന്നും നിർമാതാക്കളായ ആന്റണി പെരുമ്പാവൂരും ജി.സുരേഷ് കുമാറും സംഘടനയ്ക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നും സംഘടനയുടെ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ലിസ്റ്റിൻ സ്റ്റീഫൻ. ഒരു സിനിമാ സമരം ഉണ്ടായാൽ ആന്റണി പെരുമ്പാവൂർ അതിന്റെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും വാർത്താ സമ്മേളനത്തിൽ ലിസ്റ്റിൻ പറഞ്ഞു. സിനിമ സമരം പ്രഖ്യാപിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന്റെ പേരിൽ വിവാദം കനക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലിസ്റ്റിന്റെ അഭിപ്രായ പ്രകടനം.
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നിര്‍മാതാക്കളുടെ സംഘടന വൈകാതെ യോഗം ചേരും. അതിൽ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും ഉൾപ്പെടെ പങ്കെടുക്കും. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും പ്രതിഫലം കുറയ്ക്കണം എന്നു തന്നെയാണ് അഭിപ്രായം. സുരേഷ് കുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത് നിർമാതാക്കളുടെ സംഘടനയും മറ്റു സംഘടനകളും ചേര്‍ന്നുള്ള യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളാണ്. എന്നാൽ അതിൽ തന്റെ സിനിമയെക്കുറിച്ചു സുരേഷ് കുമാർ പറഞ്ഞതാണ് ആന്റണി പെരുമ്പാവൂരിനെ ബുദ്ധിമുട്ടിച്ചതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
സുരേഷ് കുമാർ ഏതെങ്കിലും സംഘടനയേയോ വ്യക്തിയേയോ ഉദ്ദേശിച്ചു പറഞ്ഞതല്ല. അതിനു മറുപടിയായാണ് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. അതും ഒഴിവാക്കാമായിരുന്നു. രണ്ടു പേരും ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. സംഘടനയ്ക്കെതിരെ പറഞ്ഞ സാഹചര്യത്തിലാണ് തങ്ങൾ ആന്റണി പെരുമ്പാവൂരിനെതിരെ വാർത്താ കുറിപ്പ് ഇറക്കിയതെന്നും അത് സംഘടന എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണെന്നും ലിസ്റ്റിൻ പറഞ്ഞു.
സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തു വരികയും പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂരിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനോടു പ്രതികരിച്ചത്. ഇതിനു പിന്നാലെ മോഹൻലാലും ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക് പോസ്റ്റ് പങ്കുവച്ചതോടെ തർക്കം കൈവിട്ടു പോകുമെന്ന സ്ഥിതിയിലായി. ഈ സാഹചര്യത്തിലാണ് വിഷയം തണുപ്പിക്കാനെന്നോണം ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയത്.
∙ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ മറ്റു കാര്യങ്ങൾ
‘‘ഒട്ടേറെ ഹിറ്റുകൾ അടക്കമുണ്ടായ മികച്ച വർഷമായിരുന്നു 2024. എന്നാൽ സിനിമയുടെ ബിസിനസ് സാധ്യതകൾ കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകളും സാറ്റലൈറ്റ് അവകാശം വാങ്ങുന്ന ചാനലുകളും മലയാള സിനിമാനിർമാതാക്കളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. അന്യഭാഷാ ചിത്രങ്ങൾ കൂടുതലായി എടുക്കുന്നു എന്നു തോന്നിയപ്പോഴാണ് അസോസിയേഷൻ എല്ലാ സംഘടനകളുടേയും യോഗം വിളിച്ചത്. താര സംഘടനയായ അമ്മയേയും വിളിച്ചിരുന്നു. എന്നാൽ അവർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.
ആ യോഗത്തിൽ കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അതിലൊന്ന്, 5 ലക്ഷം രൂപയ്ക്കു മുകളിൽ പ്രതിഫലമുള്ളവർക്ക് തുടക്കത്തിൽ 30 ശതമാനം, ഡബ്ബിങ്ങിനു മുമ്പ് 30 ശതമാനം, ബാക്കി റിലീസിനു മുൻപ് എന്നിങ്ങനെ മൂന്നു ഘട്ടമായി നൽകാം എന്നതായിരുന്നു. ഇത് അമ്മയെ അറിയിച്ചപ്പോൾ, മിക്കവരും 5 ലക്ഷത്തിനു മുകളിൽ വാങ്ങുന്നവരായതിനാൽ എക്സിക്യൂട്ടീവ് ചേർന്ന് തീരുമാനം പറയാൻ പറ്റില്ലെന്നും ജനറൽ ബോഡി യോഗം കൂടണമെന്നുമാണ് അറിയിച്ചത്. അമ്മയുമായി അസോസിയേഷനു വളരെ നല്ല ബന്ധമാണ് ഉള്ളത്. അസോസിയേഷന്റെ കടബാധ്യത തീർക്കാൻ സഹായിച്ചതും അമ്മയാണ്. നിര്‍മാതാക്കൾ ഉണ്ടെങ്കിലേ അമ്മയുള്ളൂ. അതുപോലെ നടീനടന്മാർ ഉണ്ടെങ്കിലേ നിർമാതാക്കൾക്കും നിലനിൽപ്പുള്ളൂ.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂണിൽ സമരത്തിലേക്കു പോകാമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. വ്യക്തിപരമായി സമരത്തെ അനുകൂലിക്കുന്ന ആളല്ല. എന്നാൽ സംഘടനയുടെ ഭൂരിഭാഗം അഭിപ്രായം അതാണെങ്കിൽ അതിനൊപ്പം നിൽക്കും. ആന്റണി പെരുമ്പാവൂരും അത്തരത്തിൽ ഒരാളാണ്. അസോസിയേഷൻ സമരം പ്രഖ്യാപിച്ചാൽ അദ്ദേഹം അതിന്റെ മുന്നിലുണ്ടാവും. അദ്ദേഹവുമായും സുരേഷ് കുമാറുമായും സംസാരിച്ചിരുന്നു. വളരെ ചെറിയ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത യോഗത്തിൽ ഇരുവരും പങ്കെടുക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യും.’’