സിസിടിവി ദൃശ്യം കബളിപ്പിക്കാനെന്ന് പൊലീസ്: പ്രതി മലയാളി? സംസ്ഥാനം വിട്ടെന്നും സംശയം

Mail This Article
കൊച്ചി ∙ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചു. ഇന്നലെ രാത്രി അങ്കമാലിയിൽ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ഇത് പൊലീസിനെ കബളിപ്പിക്കാനുള്ള ആസൂത്രണമെന്നാണ് കണ്ടെത്തൽ.
അങ്കമാലിയിലേക്ക് പോയ പ്രതി പിന്നീട് തൃശൂർ ഭാഗത്തേക്ക് തന്നെ എത്തിയെന്നാണ് പൊലീസ് നിഗമനം. പ്രതി കൊച്ചിയിലേക്ക് പോകുന്നുവെന്ന ധാരണയിൽ ഇന്നലെ രാത്രിയിലാകെ എറണാകുളം നഗരം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു.
നിലവിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലാ അതിര്‍ത്തികളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാവാമെന്ന സംശയവും പൊലീസിനുണ്ട്. പ്രതി മലയാളി തന്നെയാവാമെന്നും പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു.
സിസിടിവി ഉള്ള ഭാഗങ്ങൾ പരമാവധി ഒഴിവാക്കിയാണ് പ്രതി ഹൈവേയിലൂടെ യാത്ര ചെയ്തത്. കവർച്ച നടന്ന് 24 മണിക്കൂർ ആകുമ്പോഴും വാഹനത്തിന്റെ നമ്പര്‍ മനസ്സിലാക്കാന്‍ പോലും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.