കവടിയാറിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനം: മുൻ മേയർ ഉൾപ്പെടെ 9 പ്രതികളെ വെറുതെ വിട്ടു

Mail This Article
തിരുവനന്തപുരം ∙ കവടിയാറിലെ സ്വകാര്യ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നെന്ന വിജിലന്‍സ് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ മേയറും ജീവനക്കാരും ഫ്ലാറ്റ് ഉടമയുമടക്കം 9 പ്രതികളെയാണു വെറുതെ വിട്ടത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാരയാണു കേസ് പരിഗണിച്ചത്.
നഗര വികസന പദ്ധതിയുടെ ഭാഗമായി മ്യൂസിയം-കവടിയാര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനത്തിന് വിരുദ്ധമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കി എന്നായിരുന്നു വിജിലന്‍സ് കേസ്. ഫ്ലാറ്റ് ഉടമയ്ക്ക് 9 കോടിയിലേറെ രൂപയുടെ ലാഭം ഉണ്ടാക്കുന്നതിന് മേയറും സെക്രട്ടറിയുമടക്കം നഗരസഭയിലെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നതായിരുന്നു ആരോപണം. റോഡ് വികസനത്തിനു സ്വമേധയാ ഭൂമി വിട്ട് നല്‍കുന്നവര്‍ക്കുളള ഇളവുകളും കാലക്രമത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വന്ന ഭേദഗതിയും പരിഗണിക്കുമ്പോൾ ഫ്ലാറ്റ് ഉടമയ്ക്കു കെട്ടിടനിര്‍മാണ അനുമതിപത്രം നല്‍കിയതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസ് വിചാരണയ്ക്കിടെ തന്നെ മുന്‍ മേയര്‍ ജെ.ചന്ദ്ര, നഗരസഭ സെക്രട്ടറി വി.വി.കൃഷ്ണരാജന്‍, റീജണല്‍ ടൗണ്‍ പ്ലാനര്‍ എ.വിജയചന്ദ്രന്‍ എന്നിവരെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കുറ്റവിമുക്തരാക്കിയിരുന്നു. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ കെ.ബാലഗോപാല്‍ വിചാരണയ്ക്കു മുന്‍പേ മരിച്ചു. ടൗണ്‍ പ്ലാനിങ് ഓഫിസര്‍ ജെ.മന്‍സൂര്‍, പ്ലാനിങ് ഓഫിസര്‍ ബി.എസ്.ജയചന്ദ്രന്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എസ്.രാജു, ഫ്ലാറ്റ് ഉടമ അബ്ദുൽ റഷീദ്, റീജണല്‍ ആര്‍ക്കിടെക്റ്റ് പി.ശ്രീലത എന്നിവരെയാണു വെറുതെ വിട്ടത്.
നഗരാസൂത്രണത്തിന്റെ ഭാഗമായുളള വികസന നിര്‍ദേശങ്ങളില്‍ ജനവാസയോഗ്യമായ മേഖലകളിലുളള കെട്ടിടങ്ങള്‍ പരമാവധി 2 നിലയില്‍ കൂടുതലാകാന്‍ പാടില്ലെന്നും കെട്ടിടങ്ങളുടെ ഉയരം ഏഴര മീറ്ററിലധികം പാടില്ലെന്നുമാണു ചട്ടം. സ്വകാര്യഫ്ലാറ്റ് ചട്ടം ലംഘിച്ചാണു നിര്‍മിച്ചതെന്നായിരുന്നു വിജിലന്‍സിന്റെ ആരോപണം.