മലക്കം മറിഞ്ഞ് സർക്കാർ; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി

Mail This Article
തിരുവനന്തപുരം∙ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഒൻപതോളം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ 50 ശതമാനം വെട്ടിക്കുറച്ച് ജനുവരി 15 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. മാര്‍ഗദീപം പദ്ധതിക്കു നല്‍കിയ 9 കോടി രൂപയുടെ ഭരണാനുമതി തുക 20 കോടിയായി ഉയര്‍ത്തിയതായും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദു റഹിമാൻ നിയമസഭയില്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമെ കേന്ദ്രം നിര്‍ത്തലാക്കിയ പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏകദേശം 1.5 ലക്ഷം വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യേണ്ടതുണ്ട്.
പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഭ്യർഥന പരിഗണിച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നിരവധി തവണ മാറ്റേണ്ടിവന്നു. ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അധിക ജീവനക്കാരെ നിയമിച്ചാണു പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ സ്‌കോളര്‍ഷിപ്പും നടപ്പു സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം 50 ശതമാനത്തില്‍ നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതോടെ അര്‍ഹരായ എഴുപതിനായിരത്തിലേറെ വിദ്യാർഥികള്‍ക്കു സാമ്പത്തിക സഹായം നഷ്ടമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന മാര്‍ഗദീപം പദ്ധതിയില്‍ നിന്നു മാത്രം 30,000 വിദ്യാര്‍ഥികള്‍ പുറത്താകുമായിരുന്നു. ഒരു ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കു വര്‍ഷം 1,500 രൂപയാണ് മാര്‍ഗദീപത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്. 58,000ലേറെ കുട്ടികള്‍ക്കാണു ഇതിന്റെ ഗുണം ലഭിക്കുക. മറ്റു സ്‌കോളര്‍ഷിപ്പുകളില്‍നിന്ന് ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണു തുക അനുവദിച്ചിരുന്നത്. എല്ലാവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 43.59 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
∙ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍
∙ പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്:
യോഗ്യരായവര്‍: എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്എസ് പരീക്ഷകള്‍ക്ക് സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍. തുക: 10,000 രൂപ
ബിരുദം-80% മാര്‍ക്ക്: 15,000 രൂപ, പിജി-75% മാര്‍ക്ക്: 15,000 രൂപ.
കഴിഞ്ഞവര്‍ഷം ലഭിച്ചവര്‍: 4,500. ഈ വര്‍ഷം അനുവദിച്ചത്: 5.24 കോടി രൂപ.
∙ സിവില്‍ സര്‍വീസ് ഫീസ് റീ ഇംപേഴ്‌സ്‌മെന്റ്: ഫീസ്-20,000 രൂപ, ഹോസ്റ്റല്‍ ഫീസ്- 10,000 രൂപ
കഴിഞ്ഞവര്‍ഷം ലഭിച്ചവര്‍: 63. ഈ വര്‍ഷം 20 ലക്ഷം രൂപ.
∙ വിദേശപഠന സ്‌കോളര്‍ഷിപ്പ്: 5 ലക്ഷം രൂപ
കഴിഞ്ഞ വര്‍ഷം ലഭിച്ചവര്‍: 30. ഈ വര്‍ഷം അനുവദിച്ചത്: 1.70 കോടി.
∙ ഐഐടി/ഐഐഎം/ഐഎസ്സി/ഐഎംഎസ്സി സ്‌കോളര്‍ഷിപ്പ്: 50,000 രൂപ
കഴിഞ്ഞവര്‍ഷം ലഭിച്ചവര്‍: 40. ഈ വര്‍ഷം അനുവദിച്ചത്: 20 ലക്ഷം.
∙ സിഎ/ഐസിഡബ്ല്യുഎ/സിഎസ്: 15,000 രൂപ.
കഴിഞ്ഞ വര്‍ഷം ലഭിച്ചവര്‍: 331. ഈ വര്‍ഷം അനുവദിച്ചത്: 57.75 ലക്ഷം രൂപ.
∙ യുജിസി, സിഎസ്‌ഐആര്‍-നെറ്റ് പരിശീലനം: ഒരു സ്ഥാപനത്തിന് 79,500 രൂപ (25 കുട്ടികള്‍ക്ക്)
കഴിഞ്ഞവര്‍ഷം: 23 സ്ഥാപനങ്ങള്‍. ഈ വര്‍ഷം അനുവദിച്ചത്: 19.17 ലക്ഷം.
∙ ഐടിസി ഫീസ് റീ ഇംപേഴ്‌സ്‌മെന്റ്: കോഴ്‌സ് 2 വര്‍ഷം: 20,000 രൂപ, ഒരു വര്‍ഷം: 10,000 രൂപ.
കഴിഞ്ഞ വര്‍ഷം ലഭിച്ചവര്‍: 3779. ഈ വര്‍ഷം അനുവദിച്ചത്: 4.02 കോടി രൂപ.
∙ മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്: നഴ്‌സിങ് കോഴ്‌സ്- 15,000 രൂപ.
കഴിഞ്ഞവര്‍ഷം ലഭിച്ചവര്‍: 450. ഈ വര്‍ഷം അനുവദിച്ചത്: 61.51 ലക്ഷം രൂപ.
∙ എ.പി.ജെ.അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ്: ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക്: 6,000 രൂപ
കഴിഞ്ഞവര്‍ഷം ലഭിച്ചവര്‍: 1200. ഈ വര്‍ഷം അനുവദിച്ചത്: 82 ലക്ഷം രൂപ.