‘സിനിമാ രംഗത്തെ തർക്കം തുടരട്ടെ; എല്ലാ സിനിമകളും ലാഭകരമാകുന്നത് ശരിയല്ല’: സജി ചെറിയാൻ

Mail This Article
ആലപ്പുഴ∙ സിനിമ രംഗത്തെ തർക്കം തുടരട്ടെയെന്നും വിവാദങ്ങൾ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ. വർഷത്തിൽ 250 സിനിമകൾ ഇറങ്ങുന്നുണ്ട്. എല്ലാ സിനിമകളും ലാഭകാരമാകുന്നതു ശരിയല്ല. മെച്ചപ്പെട്ട സിനിമ ആണ് ഇറങ്ങേണ്ടത്. നല്ല സിനിമൾക്കു സർക്കാരിന്റെ പിന്തുണയുണ്ട്. സിനിമയിൽ കടുത്ത മത്സരമായി. അത് ആരോഗ്യകരമായ മാറ്റമാണ്. ചർച്ചകൾ വന്നതോടെ സിനിമ രംഗം മെച്ചപ്പെട്ടു. നല്ല വിവാദങ്ങൾ ഉണ്ടാകട്ടെ, അതിൽ നിന്നാണ് നല്ല ആശയം ഉണ്ടാകുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
‘‘പൊന്മാൻ സിനിമ നല്ല നിലയിൽ ഓടുന്നു. അതിൽ എത്ര മെഗാ സ്റ്റാറുകളുണ്ട്. ജനങ്ങൾ നോക്കുന്നത് അതിന്റെ മൂല്യമാണ്. വലിയ സ്റ്റാർ വാല്യു ഉള്ള നടന്മാർക്ക് പണം കൊടുക്കേണ്ടി വരും. സിനിമ പരാജയപ്പെട്ടാലും പണം കൊടുക്കണം. തമ്മിൽ ഉള്ള വിഷയങ്ങൾ അവർ തന്നെ തീർക്കട്ടെ. ആരുടേയും വായി മൂടി കെട്ടാൻ കഴിയില്ല. സിനിമ കോൺക്ലേവിൽ എല്ലാ സംഘടനകളുടെയും ഭാരവാഹികൾ വരും. അവരുമായി സർക്കാർ സിനിമ നയത്തെപ്പറ്റി ചർച്ച ചെയ്യും’’ – സജി ചെറിയാൻ പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിന്റേത് മനുഷ്യത്വ രഹിതമായ മനോഭാവമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ഗൂഡാലോചനയാണു നടക്കുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ കാര്യങ്ങൾ മനസിലാക്കണം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം തിരിച്ചറിയണമെന്നും സജി ചെറിയാൻ പറഞ്ഞു.