‘തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഴൽ വീഴ്ത്തിയത് ജോർജ് സോറസ്; യുപിഎ സർക്കാർ രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ചു’

Mail This Article
ന്യൂഡൽഹി∙ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കു നൽകിയിരുന്ന 2.1കോടി യുഎസ് ഡോളറിന്റെ സഹായം യുഎസ് അവസാനിപ്പിച്ചതിൽ പ്രതികരണവുമായി ബിജെപി സമൂഹമാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ രാജ്യതാൽപര്യങ്ങൾക്കു വിരുദ്ധമായ ശക്തികളെ ഇന്ത്യൻ സ്ഥാപനങ്ങളിലേക്കു നുഴഞ്ഞുകയറാൻ സഹായിച്ചുവെന്നാണ് അമിത് മാളവ്യയുടെ ആരോപണം.
‘‘രാജ്യത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ ശക്തികൾ, എല്ലാ അവസരങ്ങളിലും ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ, ഇന്ത്യയുടെ സ്ഥാപനങ്ങളിലേക്കു നുഴഞ്ഞുകയറാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ആസൂത്രിതമായി പ്രാപ്തമാക്കിയത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെയും ഗാന്ധിമാരുടെയും അറിയപ്പെടുന്ന സഹകാരി യുഎസ് ആസ്ഥാനമായുള്ള ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ് സോറോസാണു നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഴൽ വീഴ്ത്തിയത്’’ – അമിത് മാളവ്യ എക്സിൽ കുറിച്ചു.
2012ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ, സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ള ഒരു സംഘടനയായ ദി ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രക്രിയയെ ചോദ്യം ചെയ്യുന്നവർക്ക് ഇന്ത്യയുടെ മുഴുവൻ തിരഞ്ഞെടുപ്പ് കമ്മിഷനെയും വിദേശ ഓപ്പറേറ്റർമാർക്കു കൈമാറാൻ ഒരു മടിയുമില്ലെന്നും മാളവ്യ ആരോപിച്ചു.
ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനപ്രകാരമാണു ഇന്ത്യയ്ക്കു നൽകുന്ന 2.1 കോടി ഡോളർ നിർത്തിവയ്ക്കാനുള്ള നടപടി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും.