സ്കൂട്ടർ ചതിച്ചാശാനേ! ബാങ്ക് കവർച്ചാ കേസിലെ പ്രതിയിലേക്ക് പൊലീസിനെ നയിച്ച ‘എൻടോർക്ക് 125’

Mail This Article
ചാലക്കുടി ∙ പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് ‘എൻടോർക്ക് 125’ സ്കൂട്ടർ. അന്വേഷണം വഴിതിരിച്ചു വിടാൻ പ്രതി റിജോ ആന്റണി നടത്തിയ ശ്രമങ്ങൾ സിസിടിവിയിൽ പതിഞ്ഞ എൻടോർക്ക് സ്കൂട്ടറിൽ തട്ടി നിന്നു, യഥാർഥ റൂട്ടിലേക്ക് തിരിച്ചു പോയി. ബ്ലൂടൂത്ത് കണക്‌ഷനും നാവിഗേഷൻ സൗകര്യവുമുള്ള ഇന്ത്യയിലെ ആദ്യ സ്കൂട്ടറുകളിലൊന്നാണ് എൻടോർക്ക്. ഇക്കുറി എൻടോർക്ക് പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടിൽ എത്തിച്ചു. ഹിന്ദി പറഞ്ഞും ഹെൽമറ്റും ജാക്കറ്റും ധരിച്ചും പൊലീസിനെ വഴിതെറ്റിക്കാൻ നടത്തിയ ശ്രമം സ്കൂട്ടർ പൊളിച്ചു.
പട്ടാപ്പകൽ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അന്നു തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടർ സംബന്ധിച്ച സൂചന ലഭിച്ചു. തുടർന്ന് ബാങ്കിലും തൊട്ടു മുന്നിലെ പള്ളിയിലും പരിസരത്തും വന്നു പോകുന്നവരിൽ എൻടോർക്ക് ഉടമകളെ പൊലീസ് തേടി. പള്ളിയിൽ നിന്ന് റിജോയുടെ ഫോൺ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചു. തുടർന്ന് ഇവരെ നിരീക്ഷിച്ചു. സംഭവ ദിവസം മോഷണം നടന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് റിജോ വീട്ടിൽ നിന്ന് പുറപ്പെട്ടതായും മോഷണത്തിനു ശേഷം അര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയതായും സ്ഥിരീകരിച്ചു.

ഇതോടെ അന്വേഷണം റിജോയിലേക്ക് നീണ്ടു. മോഷണ ശേഷം വീട്ടിൽ തന്നെ കഴിഞ്ഞു കൂടിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ഡിഐജി ഹരി ശങ്കർ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവർ ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുടയിൽ എത്തി നടത്തിയ അന്വേഷണമാണ് റിജോയിൽ എത്തിയത്.
‘എടിഎം പ്രവർത്തിക്കുന്നില്ലല്ലോ സർ, സഹായിക്കാമോ’
ധൂർത്തടിച്ചു കളഞ്ഞ പണം കണ്ടെത്താനണ് റിജോ മോഷണം ആസുത്രണം ചെയ്തത്. ഹൈവേയിൽനിന്ന് മാറി ഇടറോഡിലുള്ള ഫെഡറൽ ബാങ്ക്, പള്ളിയിൽ വരുമ്പോൾ റിജോ നേരത്തെ കണ്ടിരുന്നു. സമീപത്ത് കടകള്‍ ഇല്ല, റോഡിൽ വാഹനങ്ങളും കുറവ്. കവർച്ചയ്ക്ക് ഈ ബാങ്ക് അനുയോജ്യമെന്ന് റിജോ ഉറപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവിടെ റിജോയ്ക്ക് അക്കൗണ്ടില്ല. ഏതാനും ദിവസം മുൻപ് ബാങ്കിൽ റിജോ ചെന്നു. എടിഎം കാർഡ് പ്രവർത്തിക്കുന്നില്ല, എന്ന് ബാങ്ക് ജീവനക്കാരോട് പറഞ്ഞു.
നമ്പർ പ്ലേറ്റ് സ്ഥാപനത്തിൽ നിന്ന് പുതിയ നമ്പർ ഘടിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ചു. വിരലടയാളം മറയ്ക്കാൻ ഗ്ലൗസ് ഇട്ടു. മോഷണം നടത്തിയ ശേഷം പിന്നെ ഹൈവേയിൽ കയറിയില്ല. വീട്ടിലേക്ക് ഇടറോഡിലൂടെ യാത്ര ചെയ്തു. പോകുന്ന വഴിക്ക് ഉപേക്ഷിക്കപ്പെട്ട ക്വാറിക്ക് സമീപം നിർത്തി. ജാക്കറ്റ് ഊരിക്കളഞ്ഞു. നമ്പർ പ്ലേറ്റ് മാറ്റി. ഗ്ലൗസും കളഞ്ഞു. യാത്ര തുടർന്നു വീട്ടിലെത്തി. സിസിടിവിയിൽ ജാക്കറ്റും നമ്പറും നോക്കി റോഡിൽ പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആദ്യ ദിവസങ്ങളിൽ എത്താത്തിന് കാരണം ഇതാണ്.