‘സ്ത്രീധനം പോരാ, 25 ലക്ഷവും എസ്‌യുവി കാറും വേണം’: യുവതിക്ക് എച്ച്ഐവി ‘കുത്തിവച്ച്’ ഭർതൃവീട്ടുകാർ

Mail This Article
ലക്നൗ ∙ എസ്‌യുവി കാറും 25 ലക്ഷം രൂപയും ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർതൃവീട്ടുകാർ ബലമായി യുവതിക്കു എച്ച്ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്‌യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് പിതാവ് നൽകിയ പരാതിൽ പറയുന്നു.
ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചു. ഇതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽനിന്നു പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്കു തിരിച്ചയച്ചു. എന്നാൽ യുവതി വീണ്ടും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നു. എച്ച്ഐവി ബാധിതൻ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണ്. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണു കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട്‌വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.