‘വലിയ തട്ടിപ്പ്, ആ പണം വാങ്ങിയതാര്?’: മസ്ക് വെട്ടിയ ഗ്രാന്റിനെപ്പറ്റി മോദിയുടെ ഉപദേശകൻ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിലെ മുൻ ഭരണകൂടം അനുവദിച്ചിരുന്ന 21 ദശലക്ഷം ഡോളർ ഗ്രാന്റ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്’ ആണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകൻ. ഡോണൾഡ് ട്രംപ് സർക്കാരിലെ ‘ഡോജ്’ വകുപ്പിന്റെ മേധാവിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് ഇന്ത്യയ്ക്കുള്ള ഗ്രാന്റ് വെട്ടിയതോടെയാണു സംഭവം ചർച്ചയും വിവാദവുമായത്.
സർക്കാർ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) ചെലവു ചുരുക്കൽ നയത്തിന്റെ ഭാഗമായാണു മസ്കിന്റെ നടപടി. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ബാഹ്യ ഇടപെടലിന്റെ സൂചനയാണു യുഎസ് ഇപ്പോൾ നിർത്തലാക്കിയ ഗ്രാന്റെന്നു ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ ഭരണകാലത്താണു ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയാണു പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാൽ രംഗത്തെത്തിയത്. ‘‘മനുഷ്യ ചരിത്രത്തിലെ വലിയ തട്ടിപ്പാണിത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങൾക്കായി യുഎസിന്റെ 21 ദശലക്ഷം ഡോളർ സ്വീകരിച്ചത് ആരാണെന്നു കണ്ടെത്തണം.’’– സഞ്ജീവ് സന്യാൽ പറഞ്ഞു.
ഇത്തരത്തിൽ യുഎസ് ഫണ്ട് വന്നിരുന്നെന്ന ആരോപണം 2010–12 കാലയളവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്.വൈ.ഖുറേഷി ഇന്നലെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനം ശക്തമാക്കാനായി രാജ്യാന്തര തിരഞ്ഞെടുപ്പ് സംവിധാനവുമായി (ഐഎഫ്ഇഎസ്) ധാരണ ഉണ്ടായിരുന്നെങ്കിലും അതിൽ സാമ്പത്തിക ഇടപാടോ പണ വാഗ്‌ദാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.