മദ്യപാനത്തിനിടെ തർക്കം, ആസിഡ് ഒഴിച്ചു, പൊള്ളലേറ്റ യുവാവ് വെന്റിലേറ്ററിൽ; അമ്മാവൻ അറസ്റ്റിൽ

Mail This Article
പത്തനംതിട്ട ∙ ആസിഡ് ആക്രമണത്തിൽ യുവാവിനു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ബന്ധു പിടിയിൽ. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. അമ്മാവനും അയൽവാസിയുമായ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗ്ഗീസിനെ (55) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച വർഗീസ് മാത്യുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ ഇരുവരും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ ഇന്നലെ രാത്രിയും മദ്യപിച്ചു. ഇതിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ രാത്രി 10.30ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വർഗീസിനു നേരെ ഒഴിക്കുകയായിരുന്നു.
വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണു വർഗീസിനു പൊള്ളലേറ്റു. കണ്ണു കാണാൻ പറ്റാത്ത അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തേയും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ ആക്രമണമമെന്നും വർഗീസിന്റെ അമ്മ ആലീസ് പൊലീസിനോടു പറഞ്ഞു. ആക്രമണത്തിനു ശേഷം സ്ഥലം വിട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കിൽ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.