ബെംഗളൂരുവിൽ വാഹനാപകടം: നിലമ്പൂർ നഗരസഭാ കൗൺസിലറുടെ മകനുൾപ്പെടെ 2 മലയാളികൾക്ക് ദാരുണാന്ത്യം

Mail This Article
ബെംഗളൂരു∙ ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. നിലമ്പൂർ നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷനും സിപിഐ ജില്ലാ കമ്മിറ്റി അംഗവും ആയ പി.എം.ബഷീറിന്റെ മകൻ അർഷ് പി. ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. ടി.ജോൺ കോളജിലെ എംബിഎ വിദ്യാർഥിയാണ് അർഷ്. ഷാഹൂബ് ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. അപകടത്തിൽ രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ആലപ്പുഴ സ്വദേശി ദേവനാരായൺ (23), തഞ്ചാവൂർ സ്വദേശി ഷാഹിൽ (22) എന്നിവരെ ബെന്നാർഘട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11.30നു ഇവർ സഞ്ചരിച്ച കാർ റാഗിഹള്ളി വനമേഖലയിൽവച്ചു നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ടു പേർ സംഭവ സ്ഥലത്തു മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബങ്ങൾക്കു വിട്ടുനൽകും.