ഇനി ചൈനീസ് മഞ്ഞും, കുറച്ച് പഞ്ഞിയും സോപ്പും മതി; ഒടുവിൽ കുരുക്കായി ‘സ്നോ വില്ലേജ്’

Mail This Article
ബെയ്ജിങ് ∙ മഞ്ഞുപുതച്ച താഴ്‌വരകളും മഞ്ഞുവീഴ്ചയുമാണ് കശ്മീരിനെ ഭൂമിയിലെ സ്വർഗമാകുന്നത്. കശ്മീരിന്റെ മനോഹാരിതയാസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക് തുടരുന്നതിനിടെയാണ്, ചൈനയിലെ ‘വ്യാജ മഞ്ഞ് വീഴ്ച’യും സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വ്യാജ ഉൽപന്നങ്ങളുടെ പേരിൽ പലപ്പോഴും പഴികേൾക്കാറുണ്ട് ചൈന. ടൂറിസം മേഖലയെ കൈപിടിച്ചുയർത്താനായാണ് ഇത്തവണ ചൈന കൃത്രിമം കാട്ടിയത്. ഇതിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനമാണുയരുന്നത്.
സിചുവാനിലെ ചെങ്‌ടുവിലാണ് ‘സ്നോ വില്ലേജ്’ എന്ന പേരിൽ സഞ്ചാരികളെ പറ്റിക്കാനായി സ്വകാര്യ കമ്പനി മഞ്ഞൊരുക്കിയത്. പഞ്ഞിയും സോപ്പിന്റെ പതയും ഉപയോഗിച്ചായിരുന്നു കൃത്രിമ മഞ്ഞിന്റെ നിർമാണം. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണവും നടത്തി. ദൃശ്യങ്ങളിൽ ആകൃഷ്ടരായവർ ‘സ്നോ വില്ലേജി’ലേക്ക് ഓടിയെത്തിയതോടെയാണു മഞ്ഞ് യഥാർഥമല്ലെന്നു തിരിച്ചറിഞ്ഞത്. വ്യാജ മഞ്ഞിന്റെ ചിത്രങ്ങൾ സഹിതമുള്ള വിമർശനം ചർച്ചയായതോടെ കമ്പനി ക്ഷമാപണവുമായി രംഗത്തെത്തി.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് സ്നോ വില്ലേജിൽ ഇത്തവണ മഞ്ഞുവീഴ്ചയില്ലാതിരുന്നതെന്നാണു കമ്പനി നൽകുന്ന വിശദീകരണം. ഇതേതുടർന്നാണ് കൃത്രിമമഞ്ഞ് സൃഷ്ടിച്ചത്. സംഭവത്തിൽ എല്ലാവരോടും മാപ്പപേക്ഷിച്ച കമ്പനി, ‘സ്‌നോ വില്ലേജ്’ അടച്ചുപൂട്ടിയെന്നും സഞ്ചാരികളെ അറിയിച്ചു.