5,000 ചതുരശ്ര അടിയിൽ ഡൽഹി, മുംബൈ ഷോറൂമുകൾ; ഇന്ത്യയിൽ ‘മാസ് എൻട്രി’ക്ക് മസ്കിന്റെ ടെസ്ല

Mail This Article
ന്യൂഡൽഹി ∙ ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്‌ല ഇന്ത്യയിലേക്ക് ഉടനെത്തും. റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതിനു പുറമെ ഷോറൂമിനായുള്ള സ്ഥലവും ടെസ്‍ല കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൽഹി, മുംബൈ നഗരങ്ങളിലാണു ഷോറൂമുകൾ ഒരുങ്ങുന്നത്.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള എയ്റോസിറ്റിയിലാകും ടെസ്‌ലയുടെ ഡൽഹി ഷോറൂം. വമ്പൻ ഹോട്ടലുകളും ഓഫിസുകളുമുള്ള പ്രദേശമാണിത്. ബാന്ദ്ര കുർളയിലെ ഷോപ്പിങ് കോംപ്ലക്സിലാണു മുംബൈ ഷോറൂം തുറക്കുക. എന്നാൽ ഉദ്ഘാടനം സംബന്ധിച്ച വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഷോറൂമുകളിലേക്ക് ഉദ്യോഗാർഥികളെ തേടിയുള്ള പരസ്യം കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇനിൽ ടെസ്‌ല നൽകിയിരുന്നു. കസ്റ്റമർ സർവീസ് ഉൾപ്പെടെയുള്ള 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യുഎസ് സന്ദർശന വേളയിൽ ടെസ്‌ല സിഇഒയും ലോക കോടീശ്വരനുമായ ഇലോൺ മസ്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണു റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചത്.