‘ഭൂമിയിലെ ഏറ്റവും സ്മാർട് എഐ’: ഗ്രോക് 3 എത്തി; സകലരെയും കടത്തിവെട്ടുമെന്ന് മസ്ക്

Mail This Article
ന്യൂയോർക്ക് ∙ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള നിർമിതബുദ്ധി (എഐ) കമ്പനിയായ എക്സ്എഐ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ‘ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്ക് നൽകുന്ന വിശേഷണം. നിലവിലുള്ള എഐ മോഡലുകളെ അതിശയിപ്പിക്കുന്നതാണ് ഗ്രോക് 3 എന്ന് ചാറ്റ്ബോട്ട് പുറത്തിറക്കുന്ന ചടങ്ങിൽ മസ്ക് അവകാശപ്പെട്ടു. പുതിയ ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ മസ്കും സംഘവും വിശദീകരിച്ചു.
ആദ്യഘട്ടമായി മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലെ ഉപഭോക്താക്കൾക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാണ്. പല അക്കൗണ്ടുകളിലെ പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എഐ ചിഹ്നം കൊടുത്തിട്ടുണ്ട്. ഈ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ചു ഗ്രോക് എഐയുടെ വിശദീകരണം വായിക്കാം. എക്സിലെ പ്രീമിയം പ്ലസ് വരിക്കാർക്കാണ് ആദ്യഘട്ടത്തിൽ ഗ്രോക് 3ന്റെ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുക.
ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് 3 വരുന്നത്.