'പാവപ്പെട്ടവരുടെ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നു’: ഇന്‍വെസ്റ്റ് സമ്മിറ്റില്‍ പങ്കെടുക്കുമെന്നു സതീശൻ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംബന്ധിച്ച് ശശി തരൂര്‍ എംപിയുടെ നിലപാടിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദം കത്തുന്നതിനിടെ 21ന് കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ തീരുമാനം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നാണു നിലപാടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കും.
‘‘സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. 3 വര്‍ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങള്‍ ഏതൊക്കെയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിന്റെ പൂര്‍ണപട്ടിക പുറത്തു വിടണം. ഉത്തരം മുട്ടിയപ്പോള്‍ പ്രതിപക്ഷം വികസന വിരോധികളെന്ന ആഖ്യാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചതു സിപിഎമ്മിന്റെ തന്‍പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളും ആണെന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും സമൂഹത്തിന് മുന്നിലുണ്ട്.’’ – വി.ഡി.സതീശൻ പറഞ്ഞു.
‘‘പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തുകയല്ലേ യഥാർഥത്തില്‍ ചെയ്തത്? പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി.രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത്? പാവപ്പെട്ടവര്‍ വായ്പയെടുത്തും അല്ലാതെയും തുടങ്ങിയ സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കുന്നതും മേനി നടിക്കുന്നതും അപഹാസ്യമല്ലേ? വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമായി മാറരുത്. കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതരുത്.’’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.