കൊച്ചിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി; കുട്ടി മാറി നിന്നത് മനോവിഷമത്തിൽ

Mail This Article
കൊച്ചി ∙ കൊച്ചിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ സ്കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിട്ട് അഞ്ച് മണിയോടെ പച്ചാളത്തു വച്ചാണ് കാണാതായത്.
അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. എസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു എസ്പി തിരച്ചിൽ നടത്തിയത്.
ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോർജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തിൽ വച്ച് ആദ്യം കണ്ടത്. ‘കുട്ടിയെ കാണാതായ വിവരം ടിവിയിൽ കണ്ടത് വീട്ടിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. തിരിച്ചു വരുന്ന വഴിയാണ് കുട്ടി അവിടെ നിന്ന് സൈക്കിൾ ചവിട്ടി വരുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ പൊലീസിൽ അറിയിച്ചു. തുടർന്ന് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലത്താണ്, അവിടേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. ആകെ വിഷമത്തിലായിരുന്നു.’ – ജോർജ് പറഞ്ഞു.