തരൂർ തിരുത്തിയ പോസ്റ്റിന്റെ ഫ്ലക്സുമായി യൂത്ത് കോൺഗ്രസ്; എംപി ഓഫിസ് മാർച്ചിനു കെപിസിസി വിലക്ക്

Mail This Article
തിരുവനന്തപുരം ∙ ശശി തരൂരിന്റെ എംപി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്താനിരുന്ന മാർച്ച് കെപിസിസി തടഞ്ഞു. സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ചു തരൂർ സമൂഹമാധ്യത്തിലിട്ട പോസ്റ്റ് അദ്ദേഹം തിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ചു കൊണ്ടുള്ള എഫ്ബി പോസ്റ്റിലെ ‘നരഭോജി’ പ്രയോഗമാണ് തരൂർ ഇന്നലെ തിരുത്തിയത്.
‘സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ’ എന്നായിരുന്നു ആദ്യ പോസ്റ്റ്. തരൂർ ഫെയ്സ്ബുക്കിൽനിന്നു നീക്കം ചെയ്ത ആദ്യ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഫ്ലക്സ് അടിച്ച് എംപി ഓഫിസിനു മുന്നിൽ വയ്ക്കാനായിരുന്നു മാർച്ച്. ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിലാണ് തരൂരിനെതിരെ പ്രതിഷേധിക്കണെമെന്ന ചർച്ച നടന്നത്. കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കളും പ്രതിഷേധ മാർച്ചിനെ അനുകൂലിച്ചിരുന്നു.
ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം പുളിമൂട്ടിലെ ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിൽ എത്തണമെന്ന് പ്രവർത്തകർക്ക് നിർദേശവും നൽകി. തുടർന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനോട് മാർച്ച് വേണ്ടെന്നു നിർദേശിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിനു താക്കീതും നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജുവും വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് മാർച്ച് വേണ്ടെന്നു വച്ചത്.