ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിനുവേണ്ടി ഏറ്റെടുക്കുക എൽസൺ എസ്റ്റേറ്റ് മാത്രം; തറക്കല്ലിടല്‍ ചടങ്ങ് മാര്‍ച്ചില്‍

Mail This Article
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിനുവേണ്ടി ഒരു എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കി പുനരധിവാസം വേഗത്തിലാക്കാനുള്ള സൗകര്യം കണക്കിലെടുത്താണു തീരുമാനം. എത്രയും പെട്ടെന്നു ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കി ഈ മാസം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ആദ്യ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് മാര്‍ച്ചില്‍ നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ വീടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുറയാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് രണ്ടു ടൗണ്‍ഷിപ്പുകളില്‍ ഒന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിലേക്കു സര്‍ക്കാര്‍ എത്തുന്നത്. ടൗണ്‍ഷിപ്പുകളുടെ എണ്ണം കുറയുന്നതോടെ പുനരധിവാസ പദ്ധതിക്കുള്ള ചെലവിലും വന്‍ കുറവുണ്ടാകും. നിലവില്‍ 242 പേരുള്ള ആദ്യ ഗുണഭോക്തൃ പട്ടികയാണു പുറത്തുവന്നത്. ഇനി രണ്ടു പട്ടിക കൂടി വരാനുള്ളതില്‍ ഒരെണ്ണം തയാറായി. ദുരിതമേഖലയിലെ ഒറ്റപ്പെട്ട വീടുകളില്‍ ഉള്ളവരെ പുനരധവസിപ്പിക്കാനുള്ള പട്ടികയാണ് അടുത്തത്. ഇവ രണ്ടും പുറത്തുവരുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വ്യക്തത വരും.
ടൗണ്‍ഷിപ്പില്‍നിന്ന് ഒഴിവാകുന്നവര്ക്കു 15 ലക്ഷം രൂപയാണു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇതു തിരഞ്ഞെടുക്കുന്നവര്കൂടി വിട്ടുപോകുന്നതോടെ ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ പട്ടിക പിന്നെയും ചുരുങ്ങും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 813 കുടുംബങ്ങള്‍ക്കാണു സര്‍ക്കാര്‍ വാടകയ്ക്കു വീടെടുത്തു നല്‍കിയത്. എങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണഭോക്താക്കളെ നിശ്ചയിക്കുമ്പോള്‍ പരമാവധി 600 കുടുംബങ്ങളെ ഉണ്ടാകൂ എന്നാണു സൂചന.
മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കല്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണു പദ്ധതി. കല്പറ്റയില് മാത്രം അഞ്ഞൂറില്പരം വീടുകള്‍ നിര്‍മിക്കാം. ടൗണ്‍ഷിപ്പില്‍ 1,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒരു നില കൂടി നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളാണു നിര്‍മിക്കുകയെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വീടിന് 30.79 ലക്ഷം രൂപയാണ് ജിഎസ്ടി തുക കൂടാതെ ചെലവു കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ പ്ലിന്ത് ഏരിയ അടിസ്ഥാനമാക്കിയ ചെലവ് സൂചിക പ്രകാരം കിഫ്ബിയുടെ അനുബന്ധ കമ്പനിയായ കിഫ്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കിയ പദ്ധതി രേഖയിലാണ് ഈ തുക.
അതിനിടെ പുനരധിവാസ പദ്ധതിയുമായി ആദ്യം സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന സ്പോണ്സര്മാരില് പലരും ഇപ്പോള്‍ സ്വന്തം നിലയ്ക്കു ഭവനപദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. വീടിന്റെ നിര്‍മാണച്ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതു കൂടുതലാണെന്നാണ് ഇവരില്‍ പലരുടെയും അഭിപ്രായം. സ്പോണ്‍സര്‍മാരുടെ ഭവനപദ്ധതികള്‍ തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.