ADVERTISEMENT

ന്യൂ‍ഡൽഹി∙ ഡൽഹിയിൽ 27 വർഷം നീണ്ട രാഷ്ട്രീയ വനവാസത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി സുഷമയ്ക്കു ശേഷം മറ്റൊരു വനിതാ മുഖ്യമന്ത്രിയെ രംഗത്തിറക്കിയിരിക്കുകയാണ്. കൈവിട്ടുപോയ അധികാരം നിലനിർത്താൻ രേഖ ഗുപ്തയെന്ന മഹിളാ മോർച്ചയുടെ ദേശീയ ഉപാധ്യക്ഷയെ തന്നയാണ് മുഖ്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. സുഷമയ്ക്കും ഷീല ദീക്ഷിതിനും അതിഷിയ്ക്കും പിന്നാലെ ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നതോടെ കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തിയ ഇടമായി ഡൽഹി മാറിയിരിക്കുകയാണ്.

വനിതാ വോട്ട് ബാങ്ക്

ഡല്‍ഹിയിലെ വനിതാ വോട്ടർമാരാണ് ഏതു പാർട്ടിയുടെയും എക്കാലത്തെയും ശക്തി. അത് കൃത്യമായി വിനിയോഗിച്ചാണ് കഴിഞ്ഞ മൂന്ന് തവണയും കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങവെ കേജ്‌രിവാൾ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളിൽ 75 ശതമാനവും ഈ വനിതാ വോട്ട് ബാങ്ക് ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നു. ഈ വോട്ട് ബാങ്ക് ഇക്കുറി ഡൽഹിയിൽ ബിജെപിക്ക് അനുകൂലമായി. അത് തുടർന്നുകൊണ്ടു പോകണമെങ്കിൽ ഡൽഹിക്ക് വനിതാ മുഖ്യമന്ത്രി തന്നെ വേണം. ഇതോടെയായിരുന്നു രേഖ ഗുപ്ത എന്ന പേരിലേക്ക് നേതൃത്വം എത്തിയത്.

ഹരിയാനയിൽ ജാട്ടിതര മുഖ്യൻ, ഡൽഹിയിൽ ജാട്ടോ?

ഹരിയാനയിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള നായിബ് സിങ് സെയ്നിക്കാണ് ബിജെപി വീണ്ടും അവസരം നൽകിയത്. ജാട്ടിതര വോട്ട് ബാങ്ക് കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയ ബിജെപി മിന്നുന്ന വിജയവും അവിടെ നേടി. ഇതോടെ ഡൽഹി മുഖ്യമന്ത്രിയായി ജാട്ട് വിഭാഗത്തിൽ നിന്നുള്ള പർവേഷ് വർമയ്ക്ക് സാധ്യതയേറി.  മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ, ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെ മലത്തിയടിച്ച മികവെല്ലാം ഒത്തുചേർന്നെങ്കിലും രേഖ ഗുപ്തയിലേക്ക് നേതൃത്വം എത്തുകയായിരുന്നു. രേഖ ഗുപ്തയെന്ന പേരിലേക്ക് ബിജെപി എത്താൻ മറ്റൊരു കാരണം കൂടിയുണ്ട്. കേജ്‌രിവാളും സിസോദിയയും തോറ്റതോടെ പ്രതിപക്ഷ നേതാവായി അതിഷിയായിരിക്കും ഡൽഹി നിയമസഭയിൽ ഇനി എഎപിയെ നയിക്കുക. സഭയിൽ അതിഷിയുടെ വാക്കുകൾക്ക് മറുപടി പറയേണ്ടത് മറ്റൊരു വനിത ആയിരിക്കണം. ഇതോടെയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്. പർവേഷിന്റെ നേതൃത്വ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് ഉപമുഖ്യന്ത്രി പദവും നൽകി.

അവസാനം വരെ സസ്പെൻസ്; മോദിയുടെ ഒറ്റ വാക്ക് ‘രേഖ’

ഇന്നലെ വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന 5 പേരുടെ വീടുകൾക്ക് കനത്ത കാവലാണ് ഡൽഹി പൊലീസ് ഒരുക്കിയിരുന്നത്. ബിജെപി നേതൃത്വത്തിന് ഒരു പേരിലേക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല എന്നതിന്റെ തെളിവു കൂടിയായിരുന്നു ഈ മുൻകരുതൽ. നിയമസഭയിലേക്ക് മത്സരിക്കാതിരുന്ന സ്മൃതി ഇറാനി, സുഷമയുടെ മകൾ ബാൻസുരി എന്നിവരുടെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇവരെ സുരക്ഷിത സീറ്റിൽ നിർത്തി വിജയിപ്പിക്കാൻ ആകുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. ഇതോടെയാണ് രേഖയ്ക്കു നറുക്ക് വീണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രേഖ ഗുപ്തയുടെ പേരിലേക്ക് എത്തണമെന്നു നിർദേശിച്ചതെന്നും വിവരമുണ്ട്.

English Summary:

Rekha Gupta's appointment as Delhi's Chief Minister: is a strategic move by the BJP to consolidate its power. The decision, influenced by the women's vote bank and political dynamics, signifies a new chapter in Delhi's political landscape.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com