എക്സൈസ് മന്ത്രി ഓൺലൈനിൽ അവതരിപ്പിച്ചു; ചര്‍ച്ച വേണമെന്ന് സിപിഐ മന്ത്രിമാര്‍; പുതിയ മദ്യനയം വൈകും

Mail This Article
തിരുവനന്തപുരം∙ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ മദ്യനയം വൈകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ ക്ലാസിഫൈഡ് കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും ദൂരപരിധി സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.
കൂടുതല്‍ ഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് എഐടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകളുടെ രീതിയില്‍ സ്റ്റാറുകള്‍ നല്‍കി കള്ളുഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിരുന്നു. ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചും യോഗം കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്ത് മദ്യനയം അവതരിപ്പിച്ചത്.