മുഡ ഭൂമി ഇടപാട്: സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ആശ്വാസം; ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പൊലീസ്

Mail This Article
ബെംഗളൂരു∙ വിവാദമായ മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിയ്ക്കും ലോകായുക്ത പൊലീസിന്റെ ക്ലീൻ ചിറ്റ്. കേസിൽ ഇരുവർക്കുമെതിരെ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഇവർക്കു പുറമെ മറ്റു രണ്ടു പ്രതികൾക്കു കൂടി ലോകായുക്ത പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ സഹോദരീഭർത്താവായ മല്ലികാർജുന സ്വാമി, ഭൂവുടമയായ ദേവരാജു എന്നിവരാണ് മറ്റ് രണ്ടു പ്രതികൾ. കേസിൽ അന്തിമ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ചിട്ടുണ്ട്.
കേസ് സിബിഐക്കു വിടണമെന്ന ഹർജി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ ലോകായുക്ത പൊലീസ് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകിയത്. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ലേഔട്ട് വികസനത്തിനായി പാർവതിയിൽനിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു.