ADVERTISEMENT

വാഷിങ്ടൻ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കെതിരെ ടെസ്‌ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ 2022ലെ വോഗ് ഫോട്ടോഷൂട്ടിൽ സെലെൻസ്കി പങ്കെടുത്തതിനെയാണ് മസ്‌ക് വിമർശിച്ചത്. വോഗ് കവർ ഫോട്ടോ ഉൾപ്പെടുത്തിയ എക്‌സിലെ പോസ്റ്റിനുള്ള മറുപടിയായാണ് മസ്‌കിന്റെ വിമർശനക്കുറിപ്പ്. യുദ്ധഭൂമിയിൽ ഒട്ടേറെ കുട്ടികൾ മരിക്കുന്നതിനിടെയാണ് സെലെൻസ്കി ഫോട്ടോഷൂട്ട് നടത്തിയതെന്നും മസ്ക് വിമര്‍ശിച്ചു. നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.

സെലെൻസ്‌കിയുടെയും ഭാര്യ ഒലീന സെലെൻസ്‌കയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വോഗ് ഫോട്ടോഷൂട്ട് പ്രശസ്ത ഫൊട്ടോഗ്രഫർ ആനി ലീബോവിറ്റ്‌സാണ് എടുത്തത്. ‘ധീരതയുടെ ഛായാചിത്രം: യുക്രെയ്‌നിന്റെ പ്രഥമ വനിത ഒലീന സെലെൻസ്‌ക’ എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചർ യുദ്ധത്തെ അഭിമുഖീകരിക്കുന്ന യുക്രെയ്ൻ ജനതയുടെ പ്രതിരോധശേഷിയും ദൃഢനിശ്ചയവും എടുത്തുകാണിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ, ഫോട്ടോഷൂട്ടിന്റെ സമയവും സ്വഭാവവും വിവിധ കോണുകളിൽനിന്നു വിമർശനത്തിന് ഇടയാക്കി.

സെലെൻസ്കിയുടെ ഫോട്ടോഷൂട്ടിനെതിരെ 2022ൽതന്നെ വിമർശനം ഉയർന്നിരുന്നു. യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ലോറൻ ബോബേർട്ട്, ടെക്സസ് കോൺഗ്രസ് അംഗം മായ്റ ഫ്ലോറസ് എന്നിവർ ഫോട്ടോഷൂട്ടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യുഎസ് യുക്രെയ്ന് 6000 കോടി ഡോളർ സഹായം നൽകുമ്പോൾ സെലെൻസ്കി ഫോട്ടോഷൂട്ടിന്റെ തിരക്കിലായിരുന്നു എന്നതായിരുന്നു യുഎസ് കോൺഗ്രസ് പ്രതിനിധികളുടെ വിമർശനം. യുദ്ധത്തിനിടെ ഫോട്ടോഷൂട്ട് നടത്തുന്ന യുക്രെയ്ൻ പ്രസിഡന്റിന് ഇനി സഹായം നൽകേണ്ടതുണ്ടോ എന്നും ചില സെനറ്റ് അംഗങ്ങൾ ചോദിച്ചിരുന്നു.

English Summary:

Elon Musk digs up old Vogue photoshoot of Zelensky and wife: ‘He did this while kids are dying’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com