ADVERTISEMENT

ന്യൂഡൽഹി∙ അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളെയും കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചത് കൈവിലങ്ങു വയ്ക്കാതെയും ചങ്ങലയ്ക്കിടാതെയുമാണെന്നു വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ 228 കുടിയേറ്റക്കാരിൽ ഉൾപ്പെട്ട സ്ത്രീകളെയും കുട്ടികളെയുമാണു ചങ്ങലയ്ക്കിടാതെ തിരിച്ചയച്ചത്. ഫെബ്രുവരി 5ന് അമൃത്‌സറിൽ ഇറങ്ങിയ ആദ്യ യുഎസ് വിമാനത്തിൽ കൈവിലങ്ങും ചങ്ങലയും ബന്ധിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൊണ്ടുവന്നിരുന്നത്. ഇത് വലിയ വിവാദങ്ങളുണ്ടാക്കുകയും തുടർന്ന് ഇന്ത്യ യുഎസിനെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകളെയും കുട്ടികളെയും കൈവിലങ്ങുവയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയത്.

‘‘അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മാനുഷികമായ രീതിയിൽ തിരികെ കൊണ്ടുവരണമെന്നും അവരുടെ മതപരമായ വികാരങ്ങളെ മാനിക്കണമെന്നും ഞങ്ങൾ യുഎസ് സർക്കാരിനെ അറിയിച്ചിരുന്നു. ഞങ്ങൾക്കു മനസിലാക്കാൻ കഴിഞ്ഞിടത്തോളം 15, 16 തീയതികളിലായി അമൃത്‌സറിൽ വന്ന വിമാനങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും ചങ്ങലയ്ക്കിട്ടിരുന്നില്ല.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരുമായി ആദ്യ യുഎസ് വിമാനം ഇന്ത്യയിലെത്തുന്നത് ഫെബ്രുവരി 5നാണ്. പത്തു ദിവസത്തിനു ശേഷം ഫെബ്രുവരി 15ന് 116 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും 112 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും അമൃത്‌സറിൽ ഇറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയാണ് ഇവരെ സ്വീകരിച്ചത്.

ഇനിയും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയയ്ക്കാൻ സാധ്യതയുള്ളതിനാൽ യുഎസിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാവിമാനങ്ങൾ അയയ്ക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. എയർ ഇന്ത്യ, യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവയുമായി വിദേശ മന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തിയെന്നാണു വിവരം.

English Summary:

US Deportation: Indian Foreign Ministry Confirms Women and Children Were Not Handcuffed During Deportation of Illegal Immigrants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com