കടലിലെ സമരത്തിന് കൈകോർക്കാൻ എൽഡിഎഫും യുഡിഎഫും; 150 കോടിയുടെ വമ്പൻ തട്ടിപ്പ് – പ്രധാനവാർത്തകൾ

Mail This Article
കടലിൽ ഖനനം നടത്തുന്ന പദ്ധതിയിൽ കേരളത്തിലെ കടൽത്തീരവും ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധത്തിനു സംയുക്ത വേദിയൊരുങ്ങും. എൽഡിഎഫ്–യുഡിഎഫ് സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അതേസമയം പാതിവിലത്തട്ടിപ്പിൽ ഞെട്ടിയ കേരളത്തെ വീണ്ടും പിടിച്ചുകുലുക്കുകയാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്. അതേസമയം വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന മലയോരജനതയ്ക്കുള്ള ആശ്വാസ വാർത്തയാണ് എമർജൻസി ഓപറേഷൻ സെന്ററുകൾ തുടങ്ങുമെന്ന തീരുമാനം. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
സ്‌കൂള്‍ കലോത്സവ കാലത്ത് ചടുലമായ നൃത്തച്ചുവടുകള്‍ വച്ച് നാടിനെയാകെ അമ്പരിപ്പിച്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പക്ഷേ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ ചുവടു പിഴയ്ക്കുമോ? ബി.അശോകും എന്‍.പ്രശാന്തുമാണ് ചീഫ് സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നിയമ നടപടിയുമായി രംഗത്തിറങ്ങുന്ന അപൂര്‍വതയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ഏഴു തൊഴിലാളികൾ കുടുങ്ങിയെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം അണക്കെട്ടിനു പിന്നിലുള്ള തുരങ്കത്തിൽ ചോർച്ച അടയ്ക്കാനെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചോർച്ച അടച്ചുകൊണ്ടിരിക്കെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
സംസ്ഥാനത്ത് ബിജെപിയെ ആര് നയിക്കുമെന്നു രണ്ടു ദിവസത്തിനുള്ളില്‍ അറിയാം. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ സംസ്ഥാന പ്രസിഡന്റുമാരുടെ സിലക്‌ഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. മണിപ്പുരില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതു മൂലമാണ് സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നതെന്നാണ് സൂചന. രാജസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് മദന്‍ റാത്തോഡിനെതന്നെ ഇന്നു വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് നാലുകേസുകൾ റജിസ്റ്റർ ചെയ്തു. ബിബിൻ. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.
മനുഷ്യ–മൃഗ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ 3.7 കോടി രൂപ അനുവദിച്ചു. സംസ്ഥാനതലത്തിലും 36 ഫോറസ്റ്റ് ഡിവിഷനുകളിലുമാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് ആയാണ് പണം അനുവദിച്ചത്. സെന്ററുകളുടെ പരിപാലനച്ചെലവിന്റെ ഉത്തരവാദിത്തം വനംവകുപ്പിനാണ്.