150 മീറ്റർ അരികെ രക്ഷാപ്രവർത്തകർ, വെല്ലുവിളിയായി ചെളിയും വെള്ളക്കെട്ടും; നാഗർകുർണൂലിൽ രക്ഷാദൗത്യത്തിന് നാവികസേനയും

Mail This Article
തെലങ്കാന∙ നാഗർകുർണൂലിൽ തുരങ്കം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ നാവികസേനയുടെ മറൈൻ കമാൻഡോകളും രംഗത്ത്. തുരങ്കത്തിൽ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം. ഇവർക്ക് അടുത്തേക്ക് എത്താൻ അവശിഷ്ടങ്ങൾ ഇ– കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് ഇപ്പോൾ നടക്കുന്നത്. തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ മൂടിയ നിലയിലാണ്.
തുരങ്കത്തിൽ ഓക്‌സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. എൻഡിആർഎഫിന്റെ നാല് ടീമുകൾ, 24 സൈനികർ, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്‌സിസിഎൽ) 23 അംഗങ്ങൾ, ഇൻഫ്രാ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞ് അപകടമുണ്ടായത്. രണ്ട് എൻജിനീയർമാരും ആറ് തൊഴിലാളികളുമാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി അടച്ചിട്ടിരുന്ന തുരങ്കത്തിൽ നാലു ദിവസം മുൻപാണ് വീണ്ടും നിർമാണം ആരംഭിച്ചത്.