ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണം: യുദ്ധം അവസാനിപ്പിക്കാൻ മാർഗവുമായി സെലെൻസ്‌കി

Mail This Article
കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്നു നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിലെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘യുക്രെയ്ൻകാരെ റഷ്യ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാവരെയും കൈമാറാൻ യുക്രെയ്ൻ തയാറാണ്. നല്ലൊരു തുടക്കത്തിനുള്ള ന്യായമായ മാർഗമാണിത്’’– സെലെൻസ്‌കി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഈ വർഷം യുക്രെയ്നിൽ യഥാർഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്കു തയാറാണെന്നും സമാധാന പരിഹാരം അനുയോജ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും റഷ്യ പ്രതികരിച്ചു. യുഎസുമായി ചേർന്നു സംഘർഷം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ യുദ്ധം തുടരാനാണു യൂറോപ്പ് ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ലാവ്‍റോവ് സമാധാന ചർച്ച നടത്തിയിരുന്നു. റഷ്യയുമായുള്ള ഭാവി ചർച്ചകൾക്ക് ഒരു പ്രതിനിധിയെ നിയമിക്കണമെന്നു ലാവ്‌റോവ് യുഎസിനോട് ആവശ്യപ്പെട്ടു.
റഷ്യയുമായുള്ള യുദ്ധത്തിന്റെ പേരിൽ സെലെൻസ്‌കിയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ‘‘സെലെന്‍സ്‌കി തിരഞ്ഞെടുപ്പ് നടത്താതെ യുക്രെയ്നിൽ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലൻസ്കി മിടുക്ക് കാണിച്ചത്. എന്നാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.’’– ട്രംപ് പറഞ്ഞു.