ഹോട്ടലിലെ അക്രമം: പൾസർ സുനിയുടെ ജാമ്യം റദ്ദാക്കണം, അന്വേഷണ സംഘം കോടതിയിൽ

Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് പൾസർ സുനി അറസ്റ്റിലായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ നടപടി. ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് പൾസർ സുനി നടത്തിയിരിക്കുന്നത് എന്നാണ് വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സുപ്രീം കോടതി സുനിക്കു ജാമ്യം അനുവദിച്ചത്.
ഞായറാഴ്ച എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് പൾസർ സുനിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറയുകയും ഹോട്ടലിലെ ചില്ലു ഗ്ലാസുകൾ എറിഞ്ഞുടയ്ക്കുകയും ജീവനക്കാരെ കൊല്ലുമെന്നു ഭീഷണി മുഴക്കുകയുമായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. ജാമ്യത്തിലായിരിക്കുന്ന സമയത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നതാണ് ഇതിലെ വ്യവസ്ഥകളിലൊന്ന്. ഇതാണ് പൾസർ സുനി ലംഘിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ റിപ്പോര്‍ട്ടുകൾ തേടിയ ശേഷമാകും കോടതിയുടെ ഇടപെടൽ ഉണ്ടാവുക.