ഡൽഹി – ജയ്പുർ ദൂരം 300 കിലോമീറ്റർ, 30 മിനിറ്റിൽ എത്താം! വരുന്നൂ, മിന്നൽ ലൂപ്

Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ജയ്പുരിൽ 30 മിനിറ്റ് കൊണ്ട് എത്താം! അതെങ്ങനെയെന്ന് ആലോചിച്ച് മൂക്കത്ത് വിരൽവയ്ക്കാൻ വരട്ടെ. സംഗതി സത്യമാണ്. റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക്’ യാഥാർഥ്യമായാൽ വെറും 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കാം.
ഐഐടി മദ്രാസാണ് 422 മീറ്റർ നീളമുള്ള ആദ്യത്തെ ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്. ‘സർക്കാർ - അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തിൽ പരിഷ്‌കരണത്തിനു വഴിയൊരുക്കുന്നു’ എന്ന കുറിപ്പോടെ പരീക്ഷണത്തിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ പങ്കുവച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഐഐടി മദ്രാസ് ക്യാംപസിലാണ് ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്. ആദ്യത്തെ വാണിജ്യ പദ്ധതി ഉടൻ ഏറ്റെടുക്കാൻ റെയിൽവേ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ദീർഘദൂര യാത്രകൾക്കുള്ള അതിവേഗ ഗതാഗത സംവിധാനമാണു ഹൈപ്പർലൂപ്. വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്‌സ്യൂളുകൾ വഴി ട്രെയിനുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കാം. വാക്വം ട്യൂബിനുള്ളിൽ കാന്തത്തിന്റെ സഹായത്തോടെ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന സംവിധാനം ഉപയോഗിച്ച് ഘർഷണവും കാറ്റിന്റെ സമ്മർദവും ഒഴിവാക്കി അതിവേഗം സഞ്ചരിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർലൂപിൽ ഉപയോഗിച്ചിട്ടുള്ളത്. കുറഞ്ഞ വൈദ്യുതി ഉപഭോഗവും 24 മണിക്കൂർ പ്രവർത്തനങ്ങൾക്കുള്ള ഊർജസംഭരണവും ഹൈപ്പർലൂപ്പിന്റെ സവിശേഷതകളാണ്.