പാർട്ടിയെ കുത്തിയാണു പോകുന്നതെങ്കിൽ... കരുതിയിരുന്നോ, ഒരു ദാക്ഷിണ്യവുമില്ല’: സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി

Mail This Article
നിലമ്പൂർ ∙ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ടു കൂറുമാറിയ എൽഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭർത്താവ് സുധീറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. അവിശ്വാസം ചർച്ച ചെയ്യുന്നതിനു മുൻപാണു സുധീറിനെ ഭീഷണിപ്പെടുത്തിയത്.
‘‘പാർട്ടിയെ കുത്തിയാണു പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഭാവിയിൽ വലിയ ഗുരുതരമായ ഭവിഷ്യത്ത് നിനക്കും കുടുംബത്തിനും ഉണ്ടാകും. കരുതിയിരുന്നോ, ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല’’ എന്നാണു ഫോണിലൂടെ പറയുന്നത്. ഇതിനുശേഷം നടന്ന പൊതുയോഗത്തിൽ സിപിഎം നേതാക്കൾക്കെതിരെ പി.വി.അൻവർ വെല്ലുവിളി പ്രസംഗം നടത്തിയിരുന്നു.
ഏരിയ സെക്രട്ടറി ഫോണിൽ ഭീഷണിപ്പെടുത്തിയ കാര്യം അൻവർ പറഞ്ഞു. പ്രവർത്തകർക്കു മദ്യവും ലഹരിമരുന്നും കൊടുത്ത് ആക്രമിക്കാൻ പറഞ്ഞുവിടുന്ന നേതാക്കളെ അവരുടെ വീട്ടുകളിൽ കയറി തല അടിച്ചു പൊട്ടിക്കും എന്നാണ് അൻവർ ഭീഷണി മുഴക്കിയത്.