കുടുംബം വേട്ടയാടുന്നു; ദുരഭിമാനക്കൊലയ്ക്ക് സാധ്യതയെന്ന് പരാതി; ജാര്‍ഖണ്ഡ് ദമ്പതികൾക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

Mail This Article
കൊച്ചി ∙ കേരളത്തിൽ അഭയം തേടിയ ജാര്‍ഖണ്ഡിൽ നിന്നുള്ള ഇതര മതസ്ഥരായ നവദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കായംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫിസർക്കാണ് കോടതി നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും ഇക്കാര്യം കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു. ജാർഖണ്ഡിൽ ‘ലവ് ജിഹാദ്’ ആരോപണമടക്കം ഉയർന്ന വിവാദമായ കേസിലാണ് ഹൈക്കോടതി ഉത്തരവ്.
പത്തു വർഷമായി പ്രണയത്തിലായ തങ്ങൾ കേരളത്തിലെത്തി വിവാഹിതരായെന്നും എന്നാൽ കുടുംബക്കാരില്‍ നിന്നും ജാർഖണ്ഡ് പൊലീസിൽ നിന്നും ഭീഷണി നേരിടുന്നുവെന്നും കാട്ടി ജാർഖണ്ഡിലെ ചിതർപുർ സ്വദേശികളായ ആഷ വര്‍മ്മയും മുഹമ്മദ് ഗാലിബും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദീകരണം തേടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും ഹൈക്കോടതി ഹർജിക്കാരോട് നിർദേശിച്ചിട്ടുണ്ട്.
ഇത്രയും കാലത്തിനിടയിൽ തങ്ങളെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ദേഹോപദ്രവം ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ ആഷ വർമ പറയുന്നു. ജാർഖണ്ഡിൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് കേരളത്തിലേക്ക് വന്നത്. ഫെബ്രുവരി 9ന് കായംകുളത്ത് എത്തി 11ന് ഇസ്‍ലാം മാതാചാര പ്രകാരം വിവാഹിതരായി. ഇപ്പോൾ തങ്ങൾ ഭാര്യയും ഭർത്താവുമാണ്. പ്രായപൂർത്തിയായ, ഭരണഘടനാപരമായി ഒരുമിച്ചു ജീവിക്കാൻ അവകാശമുള്ളവരാണ്. എന്നാൽ തന്നെ തട്ടിക്കൊണ്ടു വന്നു എന്നാരോപിച്ച് സഹോദരിയും ജാർഖണ്ഡില്‍ നിന്നുള്ള പൊലീസും എത്തിയിരുന്നു. ജാർഖണ്ഡ് പൊലീസ് ഇപ്പോഴും തങ്ങളുടെ വീടിനു ചുറ്റും റോന്തു ചുറ്റുകയാണ്. ഈ സാഹചര്യത്തിൽ തന്നെ തട്ടിക്കൊണ്ടു പോകാനും ‘ദുരഭിമാനക്കൊല’ നടത്താനും സാധ്യതയുണ്ടെന്ന് ആഷ വർമ പരാതിയിൽ പറയുന്നു.
ആഷയും ഗാലിബുമായുള്ള ബന്ധത്തിന് ഇരു കുടുംബങ്ങളും എതിരായിരുന്നു. ഇതിന്റെ പേരിൽ ഏറെ ഭീഷണിയും ഇരുവരും നേരിട്ടിരുന്നു. ഒടുവിൽ ആഷയെ ഏറെ പ്രായക്കൂടുതലുള്ള ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ കുടുംബം തീരുമാനിച്ചതോടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന ഗാലിബ് നാട്ടിലെത്തി ആഷയുമായി കേരളത്തിലേക്ക് പോരുന്നത്. ഗൾഫിൽ കൂടെ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതിനൊപ്പം ഇരുവരും കോടതിയെയും സമീപിക്കുകയായിരുന്നു.