‘വിവാഹമോചനക്കേസിൽ വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ കക്ഷി ചേർക്കണം’

Mail This Article
ചെന്നൈ ∙ വിവാഹേതര ബന്ധത്തെത്തുടർന്നുള്ള വിവാഹമോചനക്കേസുകളിൽ, ദമ്പതികൾക്കൊപ്പം വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയും കക്ഷി ചേർക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു. ഹർജിക്കാരന് ആരോപണവിധേയനായ മൂന്നാം വ്യക്തിയുടെ വിവരങ്ങൾ അറിയാമെങ്കിൽ അവരെ കൂട്ടുപ്രതിയാക്കാം. വിവാഹമോചന നടപടികളിൽ ആരോപണവിധേയരെ കക്ഷിയാക്കുന്നത് സ്വകാര്യത ലംഘിക്കുമെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ജി.ആർ.സ്വാമിനാഥൻ, ആർ.പൂർണിമ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു.
ഈ വ്യക്തിക്ക് ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവസരം നൽകേണ്ടത് പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതുവഴി അനാവശ്യ ആരോപണങ്ങൾ തടയാമെന്നും നിരീക്ഷിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് വിവാഹമോചനം തേടിയ കേസിലാണ് വിധി.
ഭാര്യ ആരോപണങ്ങൾ നിരസിക്കുകയും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തെങ്കിലും വിചാരണക്കോടതി തള്ളി. ഭാര്യയ്ക്കെതിരെ അവ്യക്തമായ ആരോപണങ്ങൾ മാത്രമാണ് ഭർത്താവ് ഉന്നയിച്ചതെന്നും ഹർജിയിൽ ആരോപണവിധേനായ വ്യക്തിയെയും കക്ഷി ചേർക്കണമെന്നും വിലയിരുത്തിയ കോടതി, വിവാഹമോചനം അനുവദിച്ച വിചാരണക്കോടതി വിധി റദ്ദാക്കി.