ഗോഡ്സെയെ പുകഴ്ത്തിയ ഷൈജ ആണ്ടവനു വാരിക്കോരി ചുമതലകൾ; സമരകേന്ദ്രമായി എൻഐടി

Mail This Article
കോഴിക്കോട് ∙ ഗോഡ്സെയെ പുകഴ്ത്തിയ എൻഐടി അധ്യാപിക ഷൈജ ആണ്ടവനു ചുമതലകൾ വാരിക്കോരി നൽകി. റജിസ്ട്രാറുടെ അധികാരം പോലും വെട്ടിക്കുറച്ചാണു ഷൈജയെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചത്. ഗോഡ്സെയെ പ്രകീർത്തിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ തുടങ്ങിയില്ല. ഇതിനിടെയാണു റജിസ്ട്രാറെ ഉൾപ്പെടെ മറികടക്കാൻ സാധിക്കുന്ന തരത്തിൽ, സീനിയോറിറ്റിക്രമം അട്ടിമറിച്ച് ഷൈജയ്ക്കു സുപ്രധാന ചുമതലകൾ നൽകിയത്. ഇതോടെ ചാത്തമംഗലം എൻഐടി ക്യാംപസ് പരിസരം വീണ്ടും സമരകേന്ദ്രമായി മാറുകയാണ്.
ഗാന്ധിജിയുെട രക്തസാക്ഷിത്വ ദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ ഷൈജ പങ്കുവച്ച കമന്റ് വിവാദമായിരുന്നു. ഈ കേസിൽ ഇവർ കോടതിയിൽനിന്ന് ജാമ്യം നേടി. അന്വേഷണം പല ഘട്ടത്തിലും ഇഴഞ്ഞെങ്കിലും ഒരുവിധത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് എൻഐടി ക്യാംപസ് വികസം അടക്കം സുപ്രധാന ചുമതല ഉള്ള പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീൻ തസ്തികയിലേക്ക് ഷൈജയെ നിയമിച്ചത്. ഇതോടെ ക്യാംപസിലെ കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഇവരുടെ കയ്യിലാകും.
ഇതിനെതിരെ ഒരു വിഭാഗം മുതിർന്ന അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. യോഗ്യരായ സീനിയർ പ്രഫസർമാരെ അടക്കം പരിഗണിക്കാതെയാണ് ഷൈജയുടെ നിയമനം. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പ്രത്യേക താൽപര്യമാണു നിയമനത്തിനു പിന്നിലെന്നാണു വിവരം. സംഘപരിവാർ അനുഭാവികളാണു ക്യാംപസ് ഭരിക്കുന്നത് എന്നാരോപിച്ച് എസ്എഫ്ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
വിദേശത്തു സ്വകാര്യ സന്ദർശനം നടത്തുന്നതിനിടെ ഷൈജ ജീവനക്കാർക്കും വിദ്യാർഥികൾക്കും അയച്ച ഇ മെയിലും വിവാദമായിരുന്നു. ഷൈജയെ എതിർക്കുന്നവരുടെ കയ്യുംകാലും വെട്ടിയെടുക്കണം എന്ന തരത്തിൽ ഒരു വിദ്യാർഥി അയച്ച മെയിൽ, ഷൈജ മറ്റുള്ള അധ്യാപകർക്കും ജീവനക്കാർക്കും ഫോർേവഡ് ചെയ്യുകയായിരുന്നു. ഇതിനെതിരെ പൊതുപ്രവർത്തകർ കുന്നമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതിനിടെ അധ്യാപകനെതിരായ പരാതിയിൽ അന്വേഷണ സമിതിയുടെ ചെയർപഴ്സൻ ആയി ഷൈജയെ നിയമിച്ചതും വിവാദമായി. അടുത്ത ആഴ്ച മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യാന്തര ശിൽപശാലയുടെ ചുമതലയും ഇവർക്കാണ്.
നാട്ടുകാരുടെ കുടിവെള്ളം മലിനമാക്കിയതു മുതൽ എൻഐടിയുമായി ബന്ധപ്പെട്ട് എന്നും വിവാദങ്ങളാണ്. ഷൈജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇതിനിടെ ക്യാംപസിനകത്തുകൂടി പോകുന്ന സുപ്രധാന റോഡ് അടയ്ക്കാൻ നീക്കം നടത്തിയതോടെ പ്രക്ഷോഭവുമായി പഞ്ചായത്ത് ഭരണസമിതി അടക്കം രംഗത്തെത്തി. ക്യാംപസ് തുടങ്ങുന്നതിനും എത്രയോ മുൻപുള്ള, കുന്നമംഗലം–മുക്കം റോഡാണ് കെട്ടിയടയ്ക്കാൻ നീക്കം നടത്തിയത്. ഏകാധിപത്യപരമായാണ് എൻഐടി ഡയറക്ടർ ഉൾപ്പെടെ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. ഇന്നലെ ഡിവൈഎഫ്ഐയും ഫ്രറ്റേണിറ്റി മൂവ്മെന്റും ക്യാംപസിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ഇന്ന് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ക്യാംപസിലേക്ക് മാർച്ച് നടത്തും.