‘നാറ്റോ അംഗത്വം യുക്രെയ്ൻ മറക്കണം’: സെലെൻസ്കിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി ട്രംപ്

Mail This Article
വാഷിങ്‌ടൻ ∙ നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നേടാനുള്ള താൽപര്യം യുക്രെയ്ൻ മറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച യുഎസ് സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. യുക്രെയ്ൻ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും അതിനാൽ നാറ്റോ അംഗത്വം യുക്രെയ്ൻ മറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഏത്രയും വേഗം നേരിട്ട് സംസാരിക്കാമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യാൻ ആവശ്യപ്പെടുമെന്ന് വിശദീകരിക്കാൻ ട്രംപ് തയാറായില്ല.