ലിംഗസ്ഥിരതയില്ലാത്തവർ സൈന്യത്തിൽ വേണ്ട; ട്രാൻസ്ജെൻഡർമാരെ പുറത്താക്കാൻ യുഎസ്

Mail This Article
വാഷിങ്ടൻ ∙ ട്രാൻസ്ജെൻഡർ സൈനികരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ അമേരിക്ക. ഇതു സംബന്ധിച്ച നടപടികൾ വിവരിക്കുന്ന മെമ്മോ പെന്റഗൺ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനകം ട്രാൻസ്ജെൻഡർ സൈനികരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നാണ് ഉത്തരവ്. ട്രാൻസ്ജെൻഡർ സൈനികരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്ന എക്സിക്യൂട്ടിവ് ഉത്തരവ് ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു.
ജെൻഡർ ഡയസ്ഫോറിയ (ഒരു വ്യക്തിയുടെ ലിംഗ സ്വത്വം അവരുടെ ജൈവിക ലൈംഗികതയുമായി പൊരുത്തപ്പെടാത്ത അവസ്ഥ) ഉള്ളവരെ സർവീസിൽനിന്ന് പുറത്താകുമെന്നും യുദ്ധമുഖത്ത് പോരാടാൻ മനോവീര്യമുള്ളവർക്ക് സൈന്യത്തിൽ തുടരാനുള്ള ഇളവ് ലഭിച്ചേക്കാമെന്നും പെന്റഗൺ വ്യക്തമാക്കുന്നു. തുടർച്ചയായ മൂന്ന് വർഷത്തെ (36 മാസം) ലിംഗസ്ഥിരത വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ സൈന്യത്തിൽ തുടരാനുള്ള ഇളവ് ലഭിക്കണമെങ്കിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ സാമൂഹിക– തൊഴിൽപരമായ ബുദ്ധിമുട്ടുകളില്ലെന്ന് തെളിയിക്കണം.
അതേസമയം, ഈ മാസം ആദ്യം പുറത്തിറങ്ങിയ ഉത്തരവിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരുന്നതിൽനിന്ന് വിലക്കിയിരുന്നു. സർവീസിൽ പ്രവേശിച്ചവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയും യുഎസ് നിർത്തിയിരുന്നു. 2016ൽ രണ്ടാം തവണയും പ്രസിഡന്റായ ബറാക് ഒബാമയാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് നീക്കിയത്. 2017 ജൂലൈ 1 മുതൽ പുതിയ ട്രാൻസ്ജെൻഡർ നിയമനങ്ങൾക്കും ഇത് തുടക്കമിട്ടു. 2019ൽ അധികാരത്തിലേറിയ ട്രംപ് ഇതിൽ നിയന്ത്രണം ഏർപ്പെടുത്തി. പിന്നീട് 2021ൽ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഈ നിയന്ത്രണങ്ങൾ നീക്കുകയും, യോഗ്യതയുള്ള അമേരിക്കക്കാർക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.