‘കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെത് കണ്ണിൽ ചോരയില്ലാത്ത നടപടി; രാജ്യാന്തര ടൗൺഷിപ്പൊന്നും വേണ്ട, കയറിക്കിടക്കാൻ കൂര മതി’

Mail This Article
കൽപറ്റ∙ സർക്കാർ ചോദിച്ചതിലും അധികം പണം സംഭാവനയായി കിട്ടിയിട്ടും ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ. ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതരോടുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ യുഡിഎഫ് നടത്തിയ കലക്ടറേറ്റ് വളയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് യുഡിഎഫ് പ്രവർത്തകർ ആരംഭിച്ച രാപകൽ സമരത്തിന്റെ തുടർച്ചയായാണ് ഇന്ന് കലക്ടറേറ്റ് വളഞ്ഞത്.
ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി ജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തെങ്കിലും സർക്കാറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒന്നും ചെയ്തില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. പരസ്പരം പഴിചാരി രണ്ട് സർക്കാരുകളും കണ്ണിൽ ചോരയില്ലാത്ത പ്രവർത്തനമാണ് ചെയ്യുന്നത്. പുനരധിവാസം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്ല. ആവശ്യത്തിന് പണം ജനങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. ജങ്ങൾ നൽകിയ പണത്തിന് നന്ദി കാണിക്കുന്നതിന് പകരം ക്രൂരത കാണിക്കുന്നു. നീതി കിട്ടുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അന്തപുരത്തിലിരുന്നു തീരുമാനം എടുത്താൻ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നടപ്പാകില്ലെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. യുഡിഎഫ് നടത്തുന്നത് അതിവൈകാരിക സമരമാണ്. ദുരന്തമുണ്ടായപ്പോൾ മുസ്‌ലിം ലീഗും കോൺഗ്രസും കർണാടക സർക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകൾ വാഗ്ദാനം ചെയ്തു. സ്വന്തം നിലയ്ക്ക് വീടു നിർമിച്ചു നൽകാൻ ഞങ്ങളെ അനുവദിച്ചിരുന്നെങ്കിൽ ഇന്ന് ദുരന്തബാധിതർ സ്വന്തം വീടുകളിലേക്ക് താമസം മാറിയേനെ. രാജ്യാന്തര നിലവാരത്തിൽ ടൗൺഷിപ്പൊന്നും വേണ്ട, കേറിക്കിടക്കാൻ ഒരു കൂര മതി. ഏഴ് മാസമായിട്ടും ഗുണഭോക്തൃ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാൻ സർക്കാരിന് സാധിച്ചില്ല. ക്രിമിനലുകളെ സംരക്ഷിക്കാൻ ഡൽഹിയിൽ നിന്ന് 350 ലക്ഷം മുടക്കി അഭിഭാഷകരെ കൊണ്ടുവന്ന സർക്കാർ ദുരന്തബാധിതരുടെ ചികിത്സയ്ക്കായി മാറ്റിവച്ചത് 5 ലക്ഷം രൂപയാണ്.
തുടർപഠനം മുടങ്ങിയ പല കുട്ടികളും ഞങ്ങളുടെ അടുത്ത് വന്ന് കരഞ്ഞു. സർക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും ഒരു മറുപടിയുമുണ്ടായില്ല. ഒടുവിൽ മലബാർ ഗോൾഡ് ചെയർമാന്റെ സഹായത്തോടെ 253 ലക്ഷത്തിന്റെ പദ്ധതിയുണ്ടാക്കി എംബിബിഎസ് വിദ്യാർഥികളുടെ ഉൾപ്പെടെ പഠനം ഞങ്ങൾ നടത്തുകയാണ്. ഇന്നത്തെ സമരം കണ്ടില്ലെന്ന് നടിച്ചാൽ സെക്രട്ടറിയേറ്റിലേക്ക് വരുമെന്നും സിദ്ദിഖ് പറഞ്ഞു.
സമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ തന്നെ ഉദ്യോഗസ്ഥർ കലക്ടറേറ്റിൽ എത്തിയെങ്കിലും ഉള്ളിലേക്ക് കയറാൻ പ്രതിഷേധക്കാർ സമ്മതിച്ചില്ല. ഇതിനിടെ ചില ഉദ്യോഗസ്ഥർ കലക്ടറേറ്റിൽ കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.