ADVERTISEMENT

കൊച്ചി ∙ എറണാകുളം വടക്കൻ പറവൂരിൽ ഇടഞ്ഞ ആന പാപ്പാനെയും മുകളിലിരുത്തി ഓടിയത് ഒന്നര മണിക്കൂർ. ടൗണും ദേശീയപാതയും ഗ്രാമങ്ങളുമെല്ലാം ഉൾപ്പെട്ട 5 കിലോമീറ്റർ ഓട്ടത്തിനൊടുവിൽ മൂത്തകുന്നം പത്മനാഭൻ എന്ന ആന എത്തിയത് സ്ഥിരം തളയ്ക്കുന്ന സ്ഥലത്തിനു സമീപം. തുടർന്ന് ആനയെ തളച്ചെങ്കിലും പാപ്പാന് താഴെയിറങ്ങാനായത് വീണ്ടും അര മണിക്കൂറിനു ശേഷം. ഇതിനിടെ ആനയുടെ പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ഒരു ഓട്ടോ, പെട്ടി ഓട്ടോ, ബൈക്ക് എന്നിവ തകർക്കുകയും ചെയ്തു. രണ്ടു വർഷം മുൻപ് ഒന്നാം പാപ്പാനെ കൊലപ്പെടുത്തിയ ആനയാണ് ഇത്. 

ചേന്ദമംഗലത്തെ പാലിയം ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ടത്തെ ഉത്സവത്തിന് കൊണ്ടുവന്ന ആനയെ ഇന്ന് രാവിലെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുമ്പോൾ ഇടയുകയായിരുന്നു എന്നാണ് വിവരം. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വച്ച് ഇടഞ്ഞ ആന, പറവൂർ ടൗണിലൂടെ ദേശീയപാതയും ഇടവഴികളും കടന്ന് ഓടി. ഇതിനിടയിലാണ് വാഹനങ്ങൾ‍ തകർത്തത്. പാപ്പാൻ ഈ സമയമത്രയും ആനയുടെ മുകളിലിരുന്നെങ്കിലും ആനയെ നിയന്ത്രിക്കാനായില്ല.

ഗോത്തുരുത്ത് പ്രദേശത്തു കൂടി ആനയ്ക്കു പിന്നാലെ നാട്ടുകാരും പൊലീസും വനംവകുപ്പും അടക്കമുള്ളവരും ഓടി. ഒടുവിൽ പരുവയ്ക്കൽ ക്ഷേത്രത്തിനു സമീപമെത്തി നിന്ന ആനയെ ഇവിടെ വച്ച് തളയ്ക്കുകയായിരുന്നു. ഇതിനടുത്താണ് പത്മനാഭനെ സ്ഥിരമായി തളച്ചിരുന്നത്. ആനയെ തളച്ചെങ്കിലും ശാന്തനാകാതിരുന്നതിനാൽ പാപ്പാന് ആനപ്പുറത്ത് നിന്ന് ഇറങ്ങാനായില്ല. രണ്ടുതവണ ശ്രമിച്ചെങ്കിലും ആന അനുവദിക്കാതിരുന്നതോടെ ഈ ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ ഏറെ നേരത്തിനു ശേഷമാണ് പാപ്പാൻ താഴെയിറങ്ങിയത്. ആനയ്ക്ക് മദപ്പാടുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

English Summary:

Ernakulam Elephant Rampage: Rogue elephant rampage in Paravoor caused injuries and damage. The elephant, reportedly in musth, ran for 90 minutes before being secured near its usual tethering spot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com