‘ഗംഗയിൽ കുളിച്ചാൽ ചെയ്ത പാപം കഴുകിക്കളയാൻ ആകില്ല’: ഏക്നാഥ് ഷിൻഡെക്കെതിരെ ഉദ്ധവ് താക്കറെ

Mail This Article
മുംബൈ ∙ ഗംഗാ സ്നാനം നടത്തിയാൽ മഹാരാഷ്ട്രയെ വഞ്ചിച്ചതിന്റെ പാപം തീരില്ലെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി പിളർത്തി ബിജെപിയോടു കൈകോർത്ത ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെയാണ് പരോക്ഷ പരാമർശം. മഹാരാഷ്ട്രാ ഭാഷാ ദിനത്തോട് അനുബന്ധിച്ചു ശിവസേന നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്.
ഗംഗയെ ബഹുമാനിക്കുന്ന ആളാണു ഞാൻ. എന്നാൽ, ചിലർ മഹാരാഷ്ട്രയെ വഞ്ചിച്ച ശേഷം ഗംഗയിൽ മുങ്ങിക്കുളിക്കുകയാണ്. ചെയ്ത പാപം അതുകൊണ്ട് കഴുകിക്കളയാൻ കഴിയില്ല– ഉദ്ധവ് പറഞ്ഞു. ഏക്നാഥ് ഷിൻഡെയും എംഎൽഎമാരും കുംഭമേളയിൽ പങ്കെടുത്തിരുന്നു.
ശിവസേനയിലെ 39 എംഎൽഎമാരെ കൂട്ടി പാർട്ടി പിളർത്തിയ ഷിൻഡെ 2022ലാണ് ഉദ്ധവ് സർക്കാരിനെ അട്ടിമറിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് സംസ്ഥാന മുഖ്യമന്ത്രിയായ ഷിൻഡെ, നിലവിൽ ഫഡ്നാവിസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്.