ഉത്തരാഖണ്ഡ് ഹിമപാതം: 4 തൊഴിലാളികൾ മരിച്ചു, 46 പേരെ രക്ഷപ്പെടുത്തി, അഞ്ചുപേർക്കായി തിരച്ചിൽ

Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. 46 തൊഴിലാളികളെ രക്ഷിച്ചു. ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ എത്തിച്ചു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിലെ പദ്ധതി.
നേരത്തേ സ്ഥലം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് തയാറാക്കി നിർത്തിയിട്ടുണ്ടെന്നും കാലാവസ്ഥ മാറിയാലുടൻ അവ പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ചിരുന്നു. ‘‘റോഡ് മാർഗവും രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ട്. ജോഷിമഠിൽ താൽക്കാലിക കൺട്രോൾ റൂം സ്ഥാപിക്കും. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ, അവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്’’ – മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
ചമോലി ജില്ലയിലെ മനായിൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിനു സമീപം, ബദ്രിനാഥ് ധാമിനു 3 കിലോമീറ്റർ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിർമാണ തൊഴിലാളികൾ ഹിമപാതത്തിൽപ്പെടുകയായിരുന്നു.