‘യുഎസിന്റെ എല്ലാ പിന്തുണയ്ക്കും നന്ദി’: ട്രംപുമായുള്ള വാക്കേറ്റത്തിനു പിന്നാലെ പോസ്റ്റുമായി സെലെൻസ്കി

Mail This Article
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച വാക്കേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചതിന് പിന്നാലെ സെലൻസ്കി നടത്തിയ പ്രതികരണം ചർച്ചയാകുന്നു.
‘‘യുഎസിന്റെ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രസിഡന്റ് ട്രംപിനും കോൺഗ്രസിനും അമേരിക്കൻ ജനതയ്ക്കും നന്ദി പറയുന്നു. യുക്രൈൻ ജനത എല്ലായ്‌പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്, ഏറെ പ്രത്യേകിച്ച് അധിനിവേശത്തിന്റെ കഴിഞ്ഞ 3 വർഷങ്ങളിൽ.’’ – സെലെൻസ്കി എക്സിൽ കുറിച്ചു.
ട്രംപും സെലെൻസ്കിയും മുഖാമുഖം തർക്കിക്കുകയും സംയുക്ത വാർത്താസമ്മേളനത്തിൽനിന്നു പിന്‍മാറുകയും ചെയ്യുന്ന അപൂർവ ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സെലെൻസ്കി അനാദരവ് കാണിക്കുന്നെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വാൻസ് ആരോപിച്ചതോടെയായിരുന്നു ചർച്ച വാഗ്വാദത്തിലേക്കു പോയത്. അതിരൂക്ഷ തർക്കത്തിന് പിന്നാലെ, സെലെൻസ്കി വൈറ്റ് ഹൗസിൽ നിന്ന് മടങ്ങിയിരുന്നു.