ഉത്തരാഖണ്ഡ് ഹിമപാതം: കുടുങ്ങിക്കിടന്ന എട്ടു പേരുടെയും മൃതദേഹം കണ്ടെത്തി, രക്ഷാദൗത്യം അവസാനിപ്പിച്ചു

Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടന്ന മറ്റു നാലു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ആകെ മരണസംഖ്യ എട്ടായി. ഇതോടെ 60 മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. 6 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രത്യേക റഡാറുകൾ, ഡ്രോണുകൾ, നായ്ക്കൾ എന്നിവയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. ചമോലി ജില്ലയിലെ മനായിൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിനു സമീപം, ബദരീനാഥ് ധാമിനു 3 കിലോമീറ്റർ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിർമാണ തൊഴിലാളികളാണ് ഹിമപാതത്തിൽപ്പെട്ടത്.