സ്വകാര്യ സർവകലാശാല ബിൽ സബ്ജക്ട് കമ്മിറ്റിക്ക്: ചാന്‍സലറുടെ അധികാരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി ആർ. ബിന്ദു

Mail This Article
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്ലും സര്‍വകലാശാല നിയമഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു. ചാന്‍സലറുടെ അധികാരത്തില്‍ മാറ്റമുണ്ടാകില്ല. നക്കാപ്പിച്ച കാശിനാണ് നിയമഭേദഗതിയെന്ന ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബില്ലുകളില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ടി.സിദ്ദിഖ് പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകളില്‍ വിസിമാര്‍ക്ക് മേല്‍ക്കെ നല്കുന്ന സര്‍ക്കാര്‍ പക്ഷേ പൊതുസര്‍വകലാശാലകളില്‍ വിസിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതികളാണ് നടപ്പാക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. ചാന്‍സലറായ ഗവര്ണര്ക്കുള്ളതിനേക്കാള് അധികാരം പ്രോ ചാന്‍സലര്‍ ആയ മന്ത്രിക്കു നല്‍കുന്നതാണ് ഭേദഗതിയെന്നതാണ് വസ്തുത. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം പൂര്‍ണമായി ഇല്ലാതാക്കി മന്ത്രിയുടെ ഉപഡിപ്പാര്ട്ട്മെന്റാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിദ്ദിഖ് ആരോപിച്ചു. രണ്ടു ബില്ലുകളും സിലക്ട് കമ്മിറ്റിക്കു വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഏറ്റവും മോശമായി തയാറാക്കിയ ബില്ലാണ് സ്വകാര്യ സർവകലാശാല ബില്‍ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യാതൊരു യോഗ്യതയുമില്ലാത്ത ആളുകള്‍ക്കും പ്രവേശനം നല്കാന് കഴിയുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സര്‍വകലാശാല നിയമഭേദഗതി ബില്ലിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നില്ല. കെടിയു, മലയാളം, കുസാറ്റ് സര്‍വകലശാലകളിലെ നിയമ ഭേദഗതി സംബന്ധിച്ച ബില്ലിനാണ് അനുമതി നല്‍കാതിരുന്നത്. ഈ ബില്ലുകള്‍ മലയാളത്തില്‍ തയാറാക്കിയതിനാലാണ് ഇംഗ്ലിഷ് പരിഭാഷ സഹിതം മുന്‍കൂര്‍ അനുമതിക്കായി നല്‍കിയിരുന്നത്. കേരള, എംജി, കാലിക്കറ്റ്, കാലടി, കണ്ണൂര്‍ സര്‍വകലാശാലകളുടെ ഭേദഗതി ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. സര്‍വകലാശാലകളുടെ സ്വയംഭരണത്തിലേക്കുള്ള കടന്നുകയറ്റമാണു ഭേദഗതിയെന്നു കാണിച്ച് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്കു ലഭിച്ചിട്ടുണ്ട്. നിലവിലുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന പ്രഖ്യാപനത്തോടെയാണു സര്‍വകലാശാലാ ഭേദഗതി ബില്‍ വരുന്നതെങ്കിലും ഗവര്‍ണര്‍മാര്‍ വിസിമാരെ ഉപയോഗിച്ചു സര്‍വകലാശാലകളില്‍ നടത്തുന്ന ഇടപെടലുകളെ ചെറുക്കുകയാണു ലക്ഷ്യമെന്നും വാദമുണ്ട്. ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനായി ശുപാര്‍ശ ചെയ്ത സ്റ്റാന്‍ഡിങ് കമ്മിറ്റി എന്ന ആശയം ഭേദഗതിയില്‍ ഇല്ലെന്നു വിമര്‍ശനമുണ്ട്.
അതേസമയം, ബില്ല് നിയമമാകുന്നതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോ ചാന്‍സലറായ കേരള, കാലിക്കറ്റ്, എംജി, സംസ്കൃതം, കണ്ണൂര്‍, കുസാറ്റ്, സാങ്കേതിക, മലയാളം, സര്‍വകലാശാലകളില്‍ മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമുണ്ടാകുമെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാകുന്ന നിയമ ഭേദഗതികള്‍ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
പ്രോ ചാന്‍സിലറായി മുഖ്യമന്ത്രിയുള്ള ഡിജിറ്റലിലും കൃഷിമന്ത്രിയുള്ള കാര്‍ഷിക സര്‍വകലാശാലയിലും ഫിഷറീസ് മന്ത്രിയുള്ള ഫിഷറീസ് സര്‍വകലാശാലയിലും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുള്ള വെറ്ററിനറിയിലും നിയമമന്ത്രിയുള്ള നിയമ സര്‍വകലാശാലയിലും ആരോഗ്യമന്ത്രിയുള്ള ആരോഗ്യ സര്‍വകലാശാലയിലും ബന്ധപ്പെട്ട മന്ത്രിമാര്‍, സര്‍വകലാശാല ഭരണത്തില്‍ നേരിട്ട് ഇടപെടാനുള്ള സമാന നിയമ ഭേദഗതികള്‍ ഉന്നയിക്കാതിരിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി മാത്രമാണ് സര്‍വകലാശാലകളില്‍ അധികാരത്തിനായി പിടിമുറുക്കുന്നതെന്ന ആരോപണമാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി ഉയര്‍ത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ പ്രോ ചാന്സസലര്മാരായ ഇന്ത്യയിലെ സംസ്ഥാന സര്‍വകലാശാലകളില്‍ പ്രോ ചാന്‍സലര്‍ക്ക് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അധികാരം മാത്രമേ നല്‍കിയിട്ടുള്ളൂ. ചാന്‍സലറുടെ അഭാവത്തില്‍ ചാന്‍സലറുടെ അധികാരങ്ങള്‍ പ്രോ ചാന്‍സലര്‍ക്ക് കൈമാറാമെന്ന നിയമം മാത്രമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.