തുരങ്കത്തിനുള്ളിൽ ചെളിയും വെള്ളവും; തൊഴിലാളികളെ കണ്ടെത്താനായില്ല, 8 പേർക്കായി തിരച്ചിൽ തുടരുന്നു

Mail This Article
നാഗർകുർണൂൽ (തെലങ്കാന)∙ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അകപ്പെട്ട തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. റഡാറിന്റെ സഹായത്തോടെ മനുഷ്യ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിലാണു തിരച്ചിൽ നടത്തുന്നത്. നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) ശാസ്ത്രജ്ഞരാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) സർവേ നടത്തിയത്.
എന്നാൽ ശാസത്രജ്ഞർ ‘അസ്വാഭാവികതകൾ’ കണ്ടെത്തിയ സ്ഥലങ്ങളിൽനിന്നു ലോഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. മറ്റു സ്ഥലങ്ങളിലും ജിപിആർ സർവേ നടത്താൻ തയാറാണെന്നു ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതു ശാസ്ത്രജ്ഞർക്കും രക്ഷാപ്രവർത്തകർക്കും ഒരുപോലെ വെല്ലുവിളി ഉയർത്തുന്നുണ്ട്.
എട്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കേടായ കണ്‍വയര്‍ ബെല്‍റ്റ് ശരിയാക്കിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും വേഗതയാര്‍ജിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിനു മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 22ന് നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതിയുടെ (എസ്എൽബിസി) തുരങ്കനിർമാണത്തിനിടെയാണു മണ്ണിടിഞ്ഞ് തൊഴിലാളികൾ കുടുങ്ങിയത്.