ADVERTISEMENT

മുംബൈ∙ ബീഡ‍് സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നു മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെയാണ് രാജി. കാരാഡിനെ പിടികൂടിയതിനെ തുടർന്നു മുണ്ടെയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും സ്ഥാനമൊഴിയാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയുമായിരുന്നു. 

ആരാണ് ധനഞ്ജയ് മുണ്ടെ? 

എൻസിപി (നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി) പിളർന്നപ്പോൾ അജിത് പവാറിനൊപ്പം നിന്ന നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ പരാലി മണ്ഡലത്തിൽനിന്നുള്ള മഹാരാഷ്ട്ര നിയമസഭാംഗം. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി. ഏക്‌നാഥ് ഷിൻഡെയുടെ ഭരണകാലത്ത് ബീഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായും ഉദ്ധവ് താക്കറെയുടെ ഭരണത്തിൽ സാമൂഹിക നീതി, പ്രത്യേക സഹായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ. 

സർപഞ്ചിന്റെ കൊലപാതകം

2024 ഡിസംബർ 9ന് മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്‌മുഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഊർജ കമ്പനിയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ ശ്രമിച്ചതിനാണ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നു പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സന്തോഷ് ദേശ്‌മുഖിനെ 2 മണിക്കൂറോളം  ഇരുമ്പ് കമ്പികൊണ്ടും ഗ്യാസ് പൈപ്പുകൊണ്ടും അടിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുന്നതിനു മുൻപ് സന്തോഷിനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.

English Summary:

Beed Sarpanch Murder: Dhananjay Munde, Maharashtra Minister, resigned following protests over the Beed Sarpanch murder. The arrest of NCP leader Malmik Karad, linked to the crime, sparked the controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com